
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡൽ പുറത്തിറാക്കാനുള്ള ഒരുക്കത്തിലാണ് റെനോ. ഇതിന്റെ ഭാഗമായി എച്ച്.ബി.സി എന്ന കോഡ്നെയിമില്‍ ഒരു വാഹനത്തിന്റെ പണിപ്പുരയിലാണ് കമ്പനി. ഈ ഉത്സവ സീസണില്‍ കോംപാക്ട് എസ്.യു.വി ഇന്ത്യയിൽ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് വൈകിയേക്കമെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിതരണത്തില്‍ നേരിട്ടിട്ടുള്ള തടസമാണ് ഈ വാഹനം വൈകാന്‍ കാരണമെന്നാണ് സൂചന. എച്ച്.ബി.സിയുടെ പേര് റെനോ കിംഗര്‍ എന്നായിരിക്കുമെന്നാണ് സൂചന. കണ്‍സെപ്റ്റ് മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനും അടുത്ത വര്‍ഷം ആദ്യം പ്രൊഡക്ഷന്‍ പതിപ്പെത്തിക്കാനുമാണ് പുതിയ തീരുമാനം.
ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. ഈ കോംപാക്ട് എസ്.സു.വിയും ഒരുങ്ങുന്നത് റെനോയുടെ കുഞ്ഞന്‍ മോഡലായ ക്വിഡിനും, എം.പി.വിയായ ട്രൈബറിനും അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്-എ മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും. ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറായിരിക്കും കിംഗറിലും ലഭിക്കുക. കിംങറില് 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളും ഈ കോംപാക്ട് എസ്യുവിയില് ഉണ്ടാകും.






