
പുത്തൻ എസ് യു വിയായ ക്യു ടുവിനുള്ള ബുക്കിങ്ങുകൾ ഔഡി സ്വീകരിച്ചു തുടങ്ങി. രണ്ടു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണ് ഔഡി ഇന്ത്യ ക്യു ടുവിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്. ഉത്സവകാലത്ത് ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് വഴിയും പുതിയ ക്യു ടു ബുക്ക് ചെയ്യാവുന്നതാണ്. ''പീസ് ഓഫ് മൈൻഡ്'' എന്ന അഞ്ചു വർഷ കാലാവധിയുള്ള സർവീസ് പാക്കേജും ക്യു ടിവിനൊപ്പം ഔഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
രണ്ടു വർഷത്ത സാധാരണ വാറന്റി കൂടാതെ മൂന്നു വർഷം നീളുന്ന ദീർഘിപ്പിച്ച വാറന്റിയും ലഭിക്കും. സാധാരണ നിലയിൽ ആദ്യ രണ്ടു വർഷത്തിനു ശേഷം മൂന്നു വർഷത്തേക്കു കൂടി പ്രാബല്യമുള്ള റോഡ്സൈഡ് അസിസ്റ്റൻസുമാണു പാക്കേജിൽ വരുന്നത്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാവും ക്വാട്രൊ ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തോടെ എത്തുന്ന ക്യുടുവിനു കരുത്തേകുക.
പുതിയ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു ക്യുടുവിലൂടെ ഔഡി ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇക്കൊല്ലത്തെ അഞ്ചാമത്തെ പുതിയ മോഡൽ അവതരണമാണു ക്യുടുവിലൂടെ കമ്പനി നടത്തുന്നതെനും ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൻ അറിയിച്ചു. 2020 ൽ അവതരിപ്പിച്ച ഔഡി ക്യു എയ്റ്റ്, എ എയ്റ്റ് എൽ, ആർ എസ് സെവൻ, ആർ എസ് ക്യു എയ്റ്റ് എന്നിവയ്ക്കൊക്കെ വിപണിയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനായെന്നും അദ്ദേഹം പറയുന്നു






