
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്കു ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്നു റിപ്പോര്‍ട്ട്. വിവിധ ആരോഗ്യപ്രശ്നങ്ങളാല്‍ ആഴ്ചയില്‍ ശരാശരി ഒരു ജീവനക്കാരന് വീതം മരിക്കുന്നതായാണ് കണക്ക്. കെ.എസ്.ആര്.ടി.സിയില്‍ 174 പേരാണ് ആശ്രിത നിയമനത്തിനായി അപേക്ഷ നല്കി കാത്തിരിക്കുന്നത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ വിവിധ ആരോഗ്യകാരണങ്ങളാല്‍ 14 പേര് മരണമടഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടത്.
കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ ആരോഗ്യത്തിനു മുഖ്യപരിഗണന നല്കി കൂടുതല്‍ പദ്ധതികളാരംഭിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊെബെല്‍ ക്ലിനിക്കും മറ്റു ജില്ലകളില്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്നു മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന് 29 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപരിപാലന കാര്യത്തില്‍ ജീവനക്കാര്‍ക്കു വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള് വര്‍ധിക്കാന്‍ കാരണം.
ഇതു മാറ്റുന്നതിനു ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനു ബോധവത്കരണം നടത്താനും മൂന്നു മാസത്തിലൊരിക്കല്‍ ചെക്കപ്പ് നടത്താനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ബസുകളില്‍ വായുസഞ്ചാരം കുറവായതിനാല്‍ െഡ്രെവര്മാര്ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ മാറ്റാന്‍ എല്ലാ ബസിലും വശങ്ങളില് കിളിവാതിലുകള്‍ നിര്‍മ്മിച്ചുവരികയാണ്. െഡ്രെവര്‍ സീറ്റിനു സമീപം കുപ്പിവെള്ളം സൂക്ഷിക്കുന്നതിനു സൗകര്യമൊരുക്കിയതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണു കെ.എസ്.ആര്.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോകളും ജീവനക്കാരുമുള്ളത്. ഇവിടെ 7000 ജീവനക്കാരുണ്ട്. ആദ്യഘട്ടമായി ഇവരുടെ മെഡിക്കല്‍ ചെക്കപ്പിനു മൊെബെല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും.
ഇതിനായി ഒരു ബസ് രൂപമാറ്റം വരുത്തി ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന് എന്നിവരോടൊപ്പം പരിശോധന ലാബും സജ്ജീകരിച്ച് ഓരോ ഡിപ്പോയിലുമെത്തി ജീവനക്കാരെ പരിശോധിക്കും. ബാക്കി ജില്ലകളില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ സര്‍ക്കാര്‍ ആശുപത്രി ഇല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്നോ പരിശോധന നടത്താനുള്ള സജ്ജീകരണമൊരുക്കാന്‍ ഡിപ്പോ മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






