
ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി ഏഥർ ഗ്രിഡിനായുള്ള ഒന്നാം ഘട്ട ഇൻസ്റ്റാളേഷൻ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ 37 ഉം, ചെന്നൈയിൽ 13 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുമുണ്ട് ഇപ്പോൾ.
ഒമ്പത് പുതിയ നഗരങ്ങളിലായി ഈ വർഷം അവസാനത്തോടെ 135 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അന്തിമ രൂപം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ മൊത്തം 150 ആയി വർധിപ്പിക്കാനാണ് ഏഥർ എനർജിയുടെ പദ്ധതി. 11 നഗരങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. അടുത്ത മാസം മുതൽ ഏഥർ എനർജി പുതിയ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ തുടങ്ങും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്വർക്ക് സൃഷ്ടിക്കാൻ ഏഥർ ലക്ഷ്യമിടുന്നു. ഇതിനായി PPZ മാൾ മാനേജ്മെന്റ്, VR മാൾ, റെസ്റ്റോറന്റ്, കഫേ ശൃംഖലകളായ ലിറ്റിൽ ഇറ്റലി, ബ്ലൂ ടോക്കായ്, ചായ് കിംഗ്സ്, സംഗീത മൊബൈൽ പോലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയുമായി ഏഥർ എനർജി കരാറുകളിൽ ഏർപ്പെട്ടു എന്നാണ് സൂചന. പുതിയ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഏത് തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. 15 കിലോമീറ്റർ സഞ്ചരിക്കാൻ 10 മിനിറ്റിനുള്ളിൽ ഏഥർ 450X ചാർജ് ചെയ്യാൻ കഴിയും.






