
ചാള്‍സ് ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന് ഹാരി രാജകുമാരന് വിവാഹം ചെയ്തത് അമേരിക്കന്‍ നടിയും മോഡലുമായ മേഗന് മാര്ക്കിളിനെയാണ്. ഹാരിയുമായുള്ള പ്രണയം മുതല്‍ പാപ്പരാസികള്‍ മേഗന്റെ പിന്നാലെയായിരുന്നു. താന്‍ അനുഭവിച്ച വേദനയെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും താന്‍ അത് അര്‍ഹിച്ചിട്ടില്ലെന്നും തുറന്നു പറയുകയാണ് മേഗന് ഇന്ന്. കലിഫോര്‍ണിയയിലെ മൂന്നു ഹൈസ്കൂള്‍ വിദ്യാര്‍ഥികളോടാണ് മേഗന് സംസാരിച്ചത്. ലോക മാനസിക ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് റെക്കോര്‍ഡ് ചെയ്ത ടീനേജര്‍ തെറാപ്പി എന്ന പേരിലെ പോഡ്കാസ്റ്റിലാണ് ഇക്കാര്യങ്ങളുള്ളത്.
'' നിങ്ങള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുന്നില്ല എന്നതു ശരി തന്നെ. എന്നാല്‍ പഠനം തുടരുന്നുണ്ട്. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം വഴി. പലര്‍ക്കും ഡിജിറ്റല്‍ രീതിയിലുള്ള പഠനവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നതും സത്യം തന്നെ. എല്ലാവര്ക്കും എല്ലാവരുമായി എളുപ്പം ബന്ധപ്പെടാമെങ്കിലും ഒരോരുത്തരും ഏറ്റവുമധികം ഒറ്റപ്പെട്ടവരുമാണ്. എങ്കിലും ഈ കാലത്തെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്
ആ വര്‍ഷം എട്ടുമാസക്കാലത്തോളം ഞാന്‍ പുറത്തെങ്ങുമുണ്ടായിരുന്നില്ല. എന്നെ ആരും കണ്ടിരുന്നു പോലുമില്ല. ഞാന്‍ ആദ്യ പ്രസവവുമായി ബന്ധപ്പെട്ട വിശ്രമത്തിലായിരുന്നു. അതിനു ശേഷം എന്റെ നവജാതശിശുവിനൊപ്പവും. എന്നിട്ടും എന്തെല്ലാം പരിഹാസത്തിനാണ് എന്റെ പേര് ദുരുപയോഗിച്ചത്. വിമര്‍ശനം അന്നത്തെ അവസ്ഥയില്‍ എന്നെ എങ്ങനെ ബാധിക്കും എന്നു പോലും ചിന്തിക്കാതെയാണ് ഞാന്‍ ഇരയാക്കപ്പെട്ടത്. നിലനില്പ് തന്നെ അസാധ്യമായി തോന്നുന്ന അവസ്ഥ. എന്തിനു ജീവിക്കണം എന്നു സ്വയം ചോദിക്കുന്ന സാഹചര്യം.
ആ സാഹചര്യം എങ്ങനെയായിരുന്നു എന്നു ചിന്തിക്കാന്‍ പോലും ഇപ്പോഴും തോന്നുന്നില്ല. എന്നാല്‍ ആരൊക്കെ എന്നെ കുറ്റം പറയുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. ചിലപ്പോള്‍ 10 പേര്. അല്ലെങ്കില്‍ 20. അതില്‍ കൂടുതല്‍. സത്യമല്ലെങ്കില്‍ അതെത്ര പേര് പറഞ്ഞാലും സത്യം ആകുന്നില്ലല്ലോ. ഒറ്റപ്പെട്ടതു പോലെ തോന്നുന്ന അവസ്ഥയാണ് ഏറ്റവും ദയനീയം. മുറിവേറ്റതു പോലുള്ള അവസ്ഥ. എന്നാല്‍ അതും നേരിടേണ്ടിയിരിക്കുന്നു മുന്നോട്ടു പോകാന്‍. ഇപ്പോള്‍ മകന് ആര്‍ച്ചിക്കൊപ്പം സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുകയാണ് '' - പോഡ്കാസ്റ്റില്‍ മേഗന് പറയുന്നു.






