
ന്യൂഡല്‍ഹി : നിലവില്‍ ജമ്മു കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഉപയോഗം മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നിരിക്കെ ജമ്മു കശ്മീര്‍ കൂടി പരിധിയില്‍ വരുത്തി മൊബൈല്‍ ഫോണ്‍ കവറേജ് വര്‍ധിപ്പിക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴുള്ള മൊബൈല്‍ ടവറുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ഒരു വര്‍ഷമായി പുതിയവ പണിയുകയുമാണ് പാക്കിസ്ഥാന് ചെയ്യുന്നതെന്നു ഡല്‍ഹിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെലിഫോണ്‍ ശൃംഖല ശക്തിപ്പെടുത്തി, കശ്മീരിലേക്കു നുഴഞ്ഞുകയറിയ ഭീകരരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നാണ് ആദ്യമൊക്കെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് 370 മത് അനുച്ഛേദം റദ്ദാക്കി ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ വിച്ഛേദിച്ചപ്പോള്‍ നടപടിക്കെതിരെ കാര്യമായ പ്രതിഷേധം രൂപീകരിക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ല.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് തടയാനാകാത്ത പാക്ക് ടെലികോം സേവനങ്ങള്‍ കശ്മീരികള്‍ ഉപയോഗിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആഗ്രഹം.
പാക്ക് പദ്ധതി നടപ്പാവുകയാണെങ്കില്‍ ഇന്ത്യന്‍ ടെലിഫോണ്‍ കമ്പനികള്‍ക്ക് പകരമായി കശ്മീരികള്‍ക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാനാകും.
മുസഫറാബാദിനും അപ്പര്‍ നീലത്തിനും ഖുയ്റാറ്റയ്ക്കും സമീപമുള്ള ലവാത്തിലെ ടിവി ടവറുകളുടെ സിഗ്നല്‍ ശക്തി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ ജമ്മു കശ്മീരില്‍ ഉടനീളം ടിവി കവറേജും പാക്ക് സൈന്യത്തിനു ലഭിക്കുമെന്നാണു കരുതുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
താഴ്വരയിലേക്കു നുഴഞ്ഞുകയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാനും ഭാവിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയേക്കാവുന്ന ആശയവിനിമയ വിലക്കുകള്‍ മുന്‍കൂട്ടി കണ്ടുമുള്ള നീക്കമാണ് പാക്കിസ്ഥാന് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.






