
സ്വിഫ്റ്റിനായി മാരുതി സുസുക്കി പുതിയ ലിമിറ്റഡ് എഡിഷൻ കിറ്റ് അവതരിപ്പിച്ചു. സ്വിഫ്റ്റിന്റെ ഏതു വേരിയന്റ് തിരഞ്ഞെടുത്താലും 24,990 രൂപ അധികമായി ചിലവഴിച്ചാൽ ലിമിറ്റഡ് എഡിഷൻ കിറ്റ് സ്വന്തമാക്കാം. മാരുതിയുടെ ഔദ്യോഗിക അക്സെസ്സറികൾ ചേർന്ന ഒരു ആഫ്റ്റർ മാർക്കറ്റ് കിറ്റാണ് ലിമിറ്റഡ് എഡിഷനായി അവതരിപ്പിച്ചിരിക്കുന്നത്.
സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷൻ കിറ്റിൽ കറുപ്പിൽ പൊതിഞ്ഞ അക്സെസ്സറികളാണ് ലഭിക്കുക. കറുപ്പ് നിറത്തിലുള്ള എയ്റോഡൈനാമിക്കായ സ്പോയ്ലർ, ഡോർ സൈഡ് മോൾഡിങ്, സൈഡ് സ്കേർട്ടിന് സമാനമായി നാല് വശത്തും ബോഡി കിറ്റ്, ഡോർ വൈസറുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ ആകർഷണങ്ങൾ. മുൻപിലെ ഗ്രില്ലും പൂർണമായി കറുപ്പിൽ പൊതിഞ്ഞിട്ടുണ്ട്. ടെയിൽ ലാമ്പിനും, ഫോഗ് ലാമ്പിനും സ്മോക് എഫക്ടുമുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്റീരിയറിൽ ആകർഷണം പൂർണമായും കറുപ്പിൽ പൊതിഞ്ഞ സീറ്റ് ഫാബ്രിക്സ് ആണ്. കറുപ്പിൽ പൊതിഞ്ഞ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ്ങും ഉണ്ട്. എല്ലാ അക്സെസ്സറികളും ഔദ്യോഗിക അക്സെസ്സറികളാണെന്നും ഇവ ഘടിപ്പിക്കുമ്പോൾ കാറിന്റെ വാറന്റി നഷ്ടപ്പെടുമോ എന്ന ഭയം വേണ്ട എന്നും മാരുതി സുസുക്കി പറയുന്നു.






