
വന്‍ വിവാദത്തെ തുടര്‍ന്ന് മുത്തയ്യാ മുരളീധരന്റെ ജീവിതം പറയുന്ന 800 സിനിമയില്‍ നിന്നും തമിഴ്നടന്‍ വിജയ് സേതുപതി പിന്മാറിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ശ്രീലങ്കന്‍ ടീമിലെ ഏക തമിഴ് വംശജനായിട്ടും മുരളീധരന്റെ ജീവിതത്തില്‍ തമിഴ്താരം അഭിനയിക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ് സിനിമാ വേദിയില്‍ നിന്നുപോലും വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ അനേകര്‍ എത്തി. താരം സിനിമ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടവരില് നാം തമിഴര്‍കക്ഷി എന്ന പാര്‍ട്ടി വരെ ഉണ്ടായിരുന്നു. കുഞ്ഞു മകള്‍ക്ക് നേരെ വരെ ബലാത്സംഗ ഭീഷണി വരെ ഉയര്‍ന്നതോടെ താരം സിനിമ വേണ്ടെന്നും വെച്ചു.
എന്തുകൊണ്ടാണ് മുത്തയ്യാ മുരളീധരന്റെ ജീവചരിത്രം പറയുന്ന സിനിമയെ തമിഴ്മക്കള്‍ എതിര്‍ക്കുന്നത്? സിനിമയ്ക്ക് എതിരേ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ആഴം അറിയണമെങ്കില്‍ ശ്രീലങ്കന്‍ രാഷ്ട്രീയം കൂടി അറിയണം. മുത്തയ്യാ മുരളീധരന് ശ്രീലങ്കന്‍ നേതാവായ രാജപക്സേയുമായുള്ള ബന്ധമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. തമിഴ് പുലികളും ശ്രീലങ്കന്‍ സേനയും തമ്മിലുള്ള 26 വര്‍ത്തോളം നീണ്ട ആഭ്യന്തര യുദ്ധം 2009 ല്‍ അവസാനിക്കുന്ന കാലത്ത് മഹീന്ദാ രാജപക്സേ ആയിരുന്നു പ്രസിഡന്റ്. സഹോദരന് ഗോട്ടാബായ രാജപക്സേ സെക്രട്ടറിയും. ഇരുവരും ചേര്‍ന്നായിരുന്നു എല്‍ടിടിഇ യേയും നേതാവ് വേലുപ്പിള്ള പ്രഭാകരനേയും തുടച്ചു നീക്കിയത്.
ശ്രീലങ്കന്‍ സേന തമിഴ്ജനതയെ കൂട്ടക്കുരുതി നടത്തിയ വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന കലാപമായിരുന്നു ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം. തമിഴരുടെ പ്രതിഷേധങ്ങളെ തുടച്ചു നീക്കാന്‍ നെടുനായകത്വം വഹിച്ച അതേ രാജപക്സേ നിലവില്‍ പ്രധാനമന്ത്രിയും സഹോദരന് ഗോട്ടാബായ പ്രസിഡന്റുമാണ്. താന്‍ നിരപരാധികളായവരെ കൊല്ലുന്നതിനെ എന്നും എതിര്‍ത്തിരുന്നു എന്ന മുരളീധരന്റെ വാക്കുകള്‍ സിനിമയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുരളീധരന്റെ അത്തരം പ്രസ്താവനകള്‍ പൊള്ളത്തരമാണെന്നാണ് വിമര്‍ശകരുടെ വാദം.
മുമ്പ് ഇന്ത്യയിലെ ഒരു അഭിമുഖത്തില്‍ രാജപക്സേയെ പുകഴ്ത്തി മുരളി സംസാരിച്ചിരുന്നു. രാജപക്സേ മികച്ച ഭരണാധികാരിയാണെന്നായിരുന്നു മുരളിയുടെ വാദം. 2009 ല്‍ ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ കൂട്ടക്കുരുതിയും മനുഷ്യാവകാശ ലംഘനവും നടന്നെന്ന വാദം മുരളി തള്ളുകയും എല്ലാം നാടകമാണെന്ന് പറയുകയും ഉണ്ടായി. ഇതെല്ലാം മുരളിയുടെ രാഷ്ട്രീയമാണ് കാണിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് തമിഴരോട് വിവേചനവും അനീതിയും തുടരുമ്പോഴും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്താരാഷ്ട്ര മുഖമായി മാറാനായിരുന്നു മുരളീധരന്റെ ശ്രമം എന്ന വിമര്‍ശനവും തമിഴ്ജനതയ്ക്കിടയില്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. രാജ്യം സ്വതന്ത്രമായത് മുതല്‍ സിംഹള ബുദ്ധിസം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ശ്രീലങ്കയില്‍ നടക്കുന്നുണ്ട് എന്നും സിംഹള ബുദ്ധിസത്തിന് സമൂഹത്തില്‍ മേല്‍ക്കോയ്മ സൃഷ്ടിക്കാനുള്ള നീക്കം തമിഴരോടും മുസ്ലീങ്ങളോടും വിവേചനത്തിനും അക്രമത്തിനും ഉപയോഗിപ്പെട്ടിരുന്നു എന്നുമാണ് തമിഴരുടെ വാദം. ഇതിനെ തമിഴര്‍ എതിര്‍ക്കുകയും തുല്യ അവകാശത്തിനായി വാദിക്കുകയും ചെയ്തു. അത് പിന്നീട് വളര്‍ന്ന് സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള വാദമായി. ഇൗ ആവശ്യത്തെ ശ്രീലങ്ക കയറിയടിച്ചതാണ് ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയതെന്നാണ് വിഷയം ചര്‍ച്ച ചെയ്യുന്ന മനുഷ്യാവകാശ വിഭാഗം പറയുന്നത്.
അന്താരാഷ്ട്ര തലത്തില്‍ 100 ലധികം രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. എന്നാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് അത് അന്താരാഷ്ട്ര വേദിയില്‍ മുഖമായി മാറുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്രവേദിയില്‍ മോശമായ മുഖം മിനുക്കാന്‍ ശ്രീലങ്ക ക്രിക്കറ്റ് ടീമിനെ എപ്പോഴും ഉപയോഗിച്ചിരുന്നു. തമിഴരുടെ അവകാശങ്ങളെ തമസ്ക്കരിച്ച് അവര്‍ക്ക് ആശങ്ക കൂട്ടുന്ന സിംഹള ബുദ്ധിസ രാജ്യമാണ് ശ്രീലങ്ക എന്ന രീതിയിലുള്ള രാഷ്ട്രീയ പ്രസ്താവനകളെ മുരളീധരന് പിന്തുണയ്ക്കുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഐക്യ ശ്രീലങ്ക എന്നത് ഭൂരിപക്ഷ സിംഹള ബുദ്ധിസത്തെ മുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒുര ശ്രേണീബദ്ധമായ സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെന്നും അതിലെ ന്യുനപക്ഷത്തില് നിന്നുളള് വ്യക്തിത്വമായിട്ടാണ് അവര്‍ മുരളീധരനെ ഉപയോഗിക്കുന്നതെന്നും ശ്രീലങ്കയെ വിമര്‍ശിക്കുന്ന തമിഴ്വാദികള് പറയുന്നു. ഇത് ഐക്യം സൃഷ്ടിക്കുകയില്ല എന്ന് മാത്രമല്ല അക്രമികള്‍ക്ക് കുടുതല്‍ രാഷ്ട്രീയ അവകാശം നേടാനുള്ള ശ്രമമാണ് താനും.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചവരാണെന്നിരിക്കിലും തമിഴ് സാഹോദര്യത്തിന്റെ പേരില്‍ തമിഴ്നാട്ടുകാര്‍ എന്നും എല്‍ടിടിയെ അംഗീകരിച്ചിരുന്നു. പൊതു ജനങ്ങളും പ്രമുഖ ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയും എഡിഎംകെയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചിരുന്നു. സിനിമ ഉണ്ടാകരുതെന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും തമിഴ് കുടിയേറ്റ കുടുംബത്തിലെ ഒരു പയ്യന് യുദ്ധം നാശിപ്പിച്ച ഒരു രാജ്യത്ത് നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ തിളക്കമാര്‍ന്ന താരമാകുന്നത് കാണിക്കേണ്ടതല്ലേ എന്ന് ചിന്തിക്കുന്നവരും കുറവല്ല. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് മുരളീധരന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനെ പിന്തുണച്ചിരുന്നു എന്ന റിപ്പോര്‍ട്ട് ആണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ശ്രീലങ്കയിലെ മുഴുവന്‍ തമിഴ്സമൂഹത്തിനിടയിലും മുരളീധരന് പ്രശസ്തനാണെന്ന് ക്രിക്കറ്റ് എഴുത്തുകാരന് ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ ചൂണ്ടിക്കാട്ടുന്നു. മുരളിയുടെ പ്രശസ്തി ശ്രീലങ്കയുടെ മലനിരകളില്‍ വാസം ഉറപ്പിച്ചിട്ടുള്ള ഇന്ത്യയിലെ തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ തമിഴര്‍ക്കിടയിലും പഴയ ജാഫ്ന രാജധാനിയുടെ ഭാഗമായിരുന്ന തമിഴ് കുടുംബങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
സിംഹളഭാഷയും തമിഴും ഒരു പോലെ നന്നായി പറയാന്‍ കഴിയുന്ന മുരളി ശ്രീലങ്കന്‍ വംശീയ വൈവിദ്ധ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നും ഫെര്‍ണാണ്ടോ പറയുന്നു. താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 2004 ല്‍ സുനാമി കീഴ്പ്പെടുത്തിയ വടക്കന്‍ പ്രവിശ്യയില്‍ 1024 വീടുകളാണ് മുരളി നിര്‍മ്മിച്ചു കൊടുത്തത്. കാന്‍ഡിയില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും രാജ്യം സുരക്ഷിതമാണെന്നാണ് മുരളീ പറഞ്ഞത്.
രാജപക്സേയെ ദൃഡീകരിക്കാനാണ് മുരളി ശ്രമിച്ചത്. അത് ജനങ്ങള്‍ ക്രൂര പീഡനത്തിന് ഇരയായി വലയുമ്പോഴും എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലാതാക്കാന്‍ സഹായകരമായെന്നും പറഞ്ഞു. സിനിമ പറയുന്നത് സ്പോര്‍ട്സ് ആണെന്നും ആഭ്യന്തര യുദ്ധം പശ്ചാത്തലത്തില്‍ മാത്രമേയുള്ളെന്നുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ പറഞ്ഞത്.
സിനിമയില്‍ 1970 ല്‍ തമിഴ് വിരുദ്ധര്‍ മുരളീധരന്റെ കുടുംബത്തെ ആക്രമിച്ചത് പറയുന്നുണ്ട്. ഈ അക്രമത്തില്‍ മുരളീധരന്റെ പിതാവിന് വെട്ടേറ്റിരുന്നു. എന്നാല്‍ അഭിമുഖങ്ങളില്‍ മുരളി ഒരിക്കലും സിംഹള ജനതയെ മോശപ്പെടുത്തിയിട്ടില്ല. അക്രമികള്‍ തങ്ങളെ കൊല്ലുന്നതിന് മുമ്പ ് സിംഹളരില്‍ തന്നെയുള്ള നല്ലയാള്‍ക്കാര്‍ അക്രമികളെ തടഞ്ഞെന്നും അവര്‍ തന്നെ തങ്ങളുടെ നശിപ്പിക്കപ്പെട്ട വീടും ഫാക്ടറിയും കെട്ടിത്തന്നെന്നും അതൊരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. തങ്ങള്‍ ബിസിനസുകാരാണ്. രാഷ്ട്രീയക്കാരായിരുന്നില്ല. എന്നാണ് ഒരിക്കല്‍ മുരളി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
1983 ന് ശേഷം കാര്യങ്ങള്‍ സാധാരണഗതിയിലായി. പിന്നീട് താന്‍ പഠനത്തിനായി ഹോസ്റ്റലില്‍ ചേര്‍ന്നതോടെ തമിഴരും സിംഹളരുമായി ചേര്‍ന്നാണ് ജീവിച്ചത്. പിന്നീട് വര്‍ഷങ്ങളോളം മുരളിയുടെ കുടുംബം രാജപക്സേയുടെ കുടുംബവുമായി അടുപ്പമമുണ്ട്. എന്നാല്‍ ഇപ്പോഴും തമിഴ് കൂട്ടക്കുരുതിയുടെ ഉത്തരവാദി രാജപക്സേ ആണെന്ന് കരുതുന്ന തമിഴ് സമൂഹത്തിന് രാജപക്സേയോടെ വെറുപ്പും വിദ്വേഷവുമുണ്ട്. 2020 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സേയുടെ പാര്‍ട്ടിയുടെ നുവാര എലിയ ജില്ലയിലെ സ്ഥാനാര്‍ത്ഥി ആയിരുന്നു മുരളിയുടെ സഹോദരന് മുത്തയ്യാ പ്രഭാകരന്. സഹോദരന്റെ പ്രചരണത്തില്‍ മുരളി സജീവവുമായിരുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഇല്ലെന്നും അതാണ് പ്രസിഡന്റ്് സീറ്റ് വെച്ചു നീട്ടിയപ്പോള്‍ സഹോദരനെ ചൂണ്ടിക്കാട്ടിയതെന്നും ജൂലൈയില്‍ മുരളീ പറഞ്ഞിരുന്നു.
ഇതിന് പുറമേ സിംഹള രാഷ്ട്രീയക്കാരനും കടുത്ത സിംഹള വാദിയുമായ വിമല്‍ വീരവന്സയുമായി താരം വേദി പങ്കിടുകയും ചെയ്തു. ശ്രീലങ്കന്‍ ദേശീയഗാനത്തിന്റെ തമിഴ് പതിപ്പ് വേണ്ടെന്നു വെച്ചയാളാണ് വിമല്‍. തമിഴരുടെ പ്രതിഷേധം അടിച്ചൊതുക്കി ശ്രീലങ്ക സമാധാനത്തിലേക്ക് എത്തിയ 2009 തന്റെ ഏറ്റവും ഭാഗ്യ വര്‍ഷമായിട്ടാണ് മുരളീധരന് പറയുന്നത്. യുദ്ധം അവസാനിച്ചു എന്നതാണ് കാരണമായി താരം പറഞ്ഞത്. ഇതും തമിഴരുടെ വിദ്വേഷത്തിന് കാരണമാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു മുരളി 2009 വരെ തമിഴ് വംശജര്‍ക്കെതിരേ നടക്കുന്ന അക്രമത്തില്‍ മുരളി നിശബ്ദത പാലിച്ചിരുന്നതായിട്ടാണ് തമിഴര്‍ ആരോപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകമായി താരം നിരന്തരം പ്രസ്താവന നടത്തുന്നുണ്ട്. ഇതാകട്ടെ കൂടുതല്‍ കുഴപ്പമുണ്ടാക്കുന്നതുമാണ് എന്ന് തമിഴ് പ്രവര്‍ത്തകര്‍ പറയുന്നു.
എന്തെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്താലും ലങ്കയിലെ തമിഴ്ജനതയ്ക്ക് മേലുള്ള അക്രമത്തിനെതിരേ മുരളീധരന് കുറ്റകരമായ മൗനമാണ് അവലംബിച്ചത് എന്നും ലങ്കന്‍ സൈന്യം തമിഴ് സമൂഹത്തിന്റെ പോരാട്ടത്തെ തൂത്തെറിയാന്‍ അത് ഗുണം ചെയ്തെന്നും വിമര്‍ശകര്‍ പറയുന്നു. തമിഴരുടെ അവകാശങ്ങള്‍ തല്ലിത്തകര്ക്കപ്പെടുമ്പോള് അതിനെതിരേ മുരളി എന്തെങ്കിലും ശബ്ദം മുഴക്കുമെന്ന് ഇപ്പോഴും ആരും കരുതുന്നില്ലെന്നാണ് വിമര്‍ശകരുടെ വാദം. ഒരിക്കല്‍ കുടുംബം ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന മുരളി താന്‍ അക്രമത്തിന് ഇരയായിട്ടില്ലെന്നും പറയും.
ഇത് ദുരിതം പേറേണ്ടി വന്ന നൂറു കണക്കിന് കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ ലങ്കന്‍ തമിഴരുടെ അവകാശത്തിനായി സംസാരിക്കുന്നതിനെ എതിര്‍ക്കുന്ന മുരളീധരന് രാജപക്സേ കുടുംബം രാജ്യം ഭരിക്കണമെന്നും പറയും. ഇതുകൊണ്ടാണ് അയാള്‍ കുഴപ്പക്കാരനാണെന്ന് ആള്ക്കാര് കരുതുന്നതിന്റെ ഒരു കാരണമെന്നും ഇവര്‍ പറയുന്നു.
തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ കുടുംബമാണ് മുരളീധരന്റേത്. മുത്തച്ഛന് പെരിയസ്വാമി ചിന്നസ്വാമി 1920 ല്‍ തോട്ടത്തിലെ പണിക്കായി തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ചിന്നസ്വാമി മുത്തയ്യ പിന്നീട് മികച്ച ബിസിനസുകാരനായി. കാന്‍ഡിയില്‍ ബിസ്ക്കറ്റ് ഫാക്ടറിയായിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് ശ്രീലങ്കയിലെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല. അവര്‍ ഞങ്ങളുടെ സര്‍ക്കാരിനെ അതിന്റെ വഴിക്ക് വിടുകയാണ് ചെയ്യേണ്ടത്. രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ള ശരിക്കുള്ളയാള് എന്ന നിലയില്‍ ഞാന്‍ രാജപക്സേയെ പിന്തുണയ്ക്കുന്നു എന്നാണ് 2019 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ മുരളി പറഞ്ഞു.