
എന്തും പഠിക്കുന്നതിന് പ്രായം ഒരു തടസ്സമല്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ആരും പഠിക്കാനൊന്നും മെനക്കെടാറില്ല. പ്രായം കുറച്ച് കൂടിപ്പോയാലും പഠിക്കുന്നതിന് പ്രശ്നമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വെര്‍ജീനിയക്കാരിയായ 93 വയസുകാരി എലീന് ഡെലാന്‍. തന്റെ 93-ാം പിറന്നാളിന് പാതി വഴിയില്‍ ഉപേക്ഷിച്ച ഹൈസ്കൂള്‍ ഡിപ്ലോമയാണ് ഈ മുത്തശ്ശി നേടിയത്.
താന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച ഹൈസ്കൂള്‍ ഡിപ്ലോമ 75 വര്‍ഷം മുന്‍പ് പഠിച്ച ന്യൂയോര്‍ക്കിലെ പോര്‍ട്ട് റിച്ചമണ്ട് ഹൈസ്കൂളില്‍ നിന്ന് തന്നെയാണ് ഈ മുത്തശ്ശി സ്വന്തമാക്കിയത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെങ്കിലും സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമങ്ങളിലെല്ലാം എലീന് സജീവമായി പങ്കെടുത്തിരുന്നു. എലീന്റെ സഹോദരന്റെ മകള്‍ക്ക് പോര്‍ട്ട് റിച്ച്മണ്ട് ഹൈസ്കൂളിലെ പ്രിന്‍സിപ്പാളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ വഴിയാണ് എലീന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് കണ്ട് അമ്പരന്നിരിക്കുകയായിരുന്നു എലീന്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് എലീന് പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നത്. എലീന്റെ 12-ാം വയസില്‍ അമ്മ മരിച്ചതോടെ പിതാവ് വേറെ വിവാഹം കഴിച്ചു. ഇതോടെ എലീന് തന്റെ കാര്യങ്ങള്‍ സ്വയം നോക്കേണ്ട അവസ്ഥ വന്നു. പഠനം ഉപേക്ഷിച്ച് ന്യൂയോര്‍ക്ക് ടെലികോം കമ്പനിയില്‍ ജോലി തേടി. എന്നാല്‍ തന്റെ സ്കൂള്‍ സുഹൃത്തുക്കളുമായുള്ള സൗഹൃദം എലീന് മുന്നോട്ട് കൊണ്ടു പോയി. എലീന്റെ മകള്‍ മൗറീനാണ് അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കിയത്. എലീന് ഏറ്റവുമാഗ്രഹിച്ച കാര്യം പിറന്നാള്‍ സമ്മാനമായി നല്കാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മക്കളും കൊച്ചുമക്കളും. മൗറീന്‍ പറഞ്ഞതനുസരിച്ച് എലീനിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നൂറ് കണക്കിന് ആശംസാകാര്‍ഡുകള്‍ എലീന് അയച്ചിരുന്നു.






