
പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയെന്ന് പ്രചാരണം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇവിടെ പാക് പതാക ഉയര്‍ത്തുന്നവര്‍ നമ്മെ പരിഹസിച്ചു. ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരിക്കുന്നു- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. പ്രധാനമായും ആര്.എസ്.എസ് അനുഭാവികളാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്.
അഭിഭാഷയായ ദീപികാ രജാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗ് സഹിതമാണ് ജ്യോതി ദ്വിവേദി എന്ന ആര്.എസ്.എസ് അനുഭാവി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ ദീപികയ്ക്കെതിരായ ഹാഷ്ടാഗ് സഹിതം നൂറുകണക്കിന് ആര്.എസ്.എസ് അനുഭാവികള്‍ ചിത്രം റീട്വീറ്റ് ചെയ്യുന്നുണ്ട്. കത്വവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഭിഭാഷകയാണ് ദീപിക.
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയെന്ന അവകാശവാദത്തിനൊപ്പം ദീപികയ്ക്കെതിരായ വിദ്വേഷ പ്രചാരണത്തിനും ചിത്രം ഉപയോഗിക്കുന്നുണ്ട്. അതേസമയം ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാനിലെ ജമാ അത്ത് ഉലമ ഇ ഇസ്ലാം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയുടെ ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് റിവേഴ്സ് ഇമേജ് സേര്‍ച്ചില്‍ കണ്ടെത്തി. ചിത്രത്തില്‍ ഇന്ത്യന്‍ പതാക എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നതാണെന്ന് കണ്ടെത്തി.
യഥാര്‍ത്ഥ ചിത്രങ്ങള്‍ ജമാ അത്ത് ഉലമ ഇ ഇസ്ലാമിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇപ്പോഴും ലഭ്യമാണ്. പാര്‍ട്ടിയുടെ സമ്മേളനത്തെക്കുറിച്ച് പാക്കിസ്ഥാന് ടുഡേ അടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.






