
ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മയുടെ സ്മരണയ്ക്കായി നിര്‍മിച്ച സ്മാരകം ചന്ദ്രകളഭം ഇന്ന് തുറക്കും. കവിയുടെ 45-ാം ചരമ വാര്‍ഷികദിനമായ ഇന്ന് കുടുംബാംഗങ്ങള്‍ വിളക്ക് തെളിച്ചാണ് മണ്ഡപം തുറക്കുന്നത്. വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വയലാറിന്റെ ജന്മഗൃഹത്തോട് അനുബന്ധിച്ചു നിര്‍മിച്ച സ്മാരകം കവിയുടെ കുടുംബത്തിന് വിട്ടുനല്കിയതിനെത്തുടര്ന്നാണിത്.
2008ല്‍ ആരംഭിച്ച സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാത്ത സ്ഥിതിയാണ്. ഒരു കോടി 20 ലക്ഷം രൂപയാണ് ഇതുവരെയുള്ള നിര്‍മാണച്ചെലവ്. കവിയുടെ കുടുംബം സര്‍ക്കാരിന് കൈമാറിയ സ്ഥലത്ത് ലൈബ്രറി, മ്യൂസിയം, ഹാള്‍, മിനി തിയേറ്ററും കണ്വന്ഷന് ഹാള്‍ എന്നിവയടക്കമാണ് ഒരുക്കിയിട്ടുള്ളത്.
1975 മുതലുള്ള വയലാര്‍ അവാര്‍ഡ് ജേതാക്കളുടെ ചിത്രങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണ പൂര്‍ത്തീകരണം വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ട്രസ്റ്റ് അധികൃതര്‍ കവിയുടെ കുടുംബത്തിനു ചുമതല കൈമാറിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. തല്ക്കാലം കുടുംബാംഗങ്ങള്‍ ചേര്‍ന്നാണു പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്നും നിയമപരമായ അവകാശം സംബന്ധിച്ചു സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ടെന്നും ധാരണയാകുന്നതോടെ സ്മൃതിമണ്ഡപം പൂര്‍ണസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കവിയുടെ മകനും പ്രസിദ്ധ ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു.






