
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. വില്ലനില്‍ നിന്നും നായകനായി വളര്‍ന്ന താരം. ഈ അടുത്ത കാലത്ത് അദ്ദേഹം നടത്തിയെ വളിപ്പെടുത്തലാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. താണ്ഡവം സിനിമയില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ക്ലൈമാക്സില്‍ വില്ലനെ നേരിടുന്ന രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്ത സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. സിനിമയുടെ ഫൈനല്‍ എഡിറ്റില്‍ ബാബു ആന്റണിയുടെ രംഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. അന്ന് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം മലയാളത്തില്‍ ഒരു വഴിത്തിരിവ് നല്കിയേനെ എന്നായിരുന്നു കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് ബാബു ആന്റണി കുറിച്ചു. ഇപ്പോള്‍ അന്ന് സംഭവിച്ചതിനെ കുറിച്ച് തുറന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് ബാബു ആന്റണി.
'ഞാന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ആസ്വദിച്ചു ചെയ്ത ഫൈറ്റ് സീന്‍ ആയിരുന്നു ഷാജി കൈലാസ് ചെയ്ത താണ്ഡവം എന്ന ചിത്രത്തിലെ ക്ളൈമാക്സില് നായകനോടൊപ്പം ചേര്‍ന്ന് ചെയ്ത ഫൈറ്റ് സീന്‍. ക്ലൈമാക്സ് സീനില്‍ വില്ലനെ നേരിടാന്‍ നായകനോടൊപ്പം കൈകോര്‍ത്തു ചെയ്ത ഒരു ഫൈറ്റ് സീന്‍. വളരെ ബുദ്ധിമുട്ടി എന്നാല്‍ ആസ്വദിച്ചു ചെയ്ത രംഗം. അതിനു വേണ്ടി ഡബ്ബിങ്ങും ചെയ്തിരുന്നു. യുഎസ്എയില്‍ നിന്നും വന്നാണ് ഷൂട്ട് ചെയ്തത്. സിനിമയില്‍ ഉടനീളമുള്ള വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു അത്. സൂഫി കഥാപാത്രം. എല്ലാവരും സൂഫിയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു.'
'കായംകുളം കൊച്ചുണ്ണിയിലെ തങ്ങളിന് സമാനമായ ഒരു കഥാപാത്രമെന്നു പറയാം. അന്ന് മലയാളസിനിമയില്‍ അധികം അവസരമില്ലാതിരുന്ന സമയമായിരുന്നു. ഈ ചിത്രം പുറത്തു വരുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ സിനിമ റിലീസ് ചെയ്തപ്പോള്‍ ആ സീന്‍ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഞാന്‍ നിര്‍മ്മാതാവിനെ വിളിച്ചു കാര്യം ചോദിച്ചു, 'ബാബു ആന്റണി ആ സിനിമയിലില്ല' എന്ന ഉത്തരമാണ് ലഭിച്ചത്. എഡിറ്റിങ് ടേബിളില്‍ ആ രംഗങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയായിരുന്നു. അല്‍പ്പം നിരാശ തോന്നിയെങ്കിലും ഒരു സിനിമയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് അത് സൃഷ്ടിക്കുന്ന സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും തീരുമാനമാണെന്ന് പിന്നീട് മനസിലായി. ഒരു ആരാധകന് ഈ ചിത്രം പങ്കുവച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തെപ്പറ്റി ഓര്‍ത്തത്, സിനിമയിലെ ഫൈറ്റ് സീനുകളും മാര്‍ഷ്യല്‍ ആര്‍ട്ട്സും വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. അത് ചിത്രത്തില്‍ വന്നില്ലെങ്കില്‍ പോലും അത് ചെയ്യാന്‍ കഴിയുന്ന ഏതൊരു നിമിഷവും ആനന്ദകരമാണ്.-ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.






