
ആരാധകർക്കേറെ പ്രിയങ്കരിയാണ് നടി കയാദു ലോഹർ. 'മുഗിൽപേട്ടെ' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കയാദു ഇന്ന് തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ കൗമാരകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവവും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചതെന്നും തുറന്നുപറയുകയാണ് താരം. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് കയാദു മനസ്സ് തുറന്നത്. സ്കൂളിൽ പോകുന്ന വഴിയിൽ തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന ആൺകുട്ടികളെ കൈകാര്യം ചെയ്ത സംഭവത്തെക്കുറിച്ചാണ് നടി പറയുന്നത്.
‘ഇത് പറയണമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് പറഞ്ഞാൽ ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ ആരും നിശബ്ദരാകരുത്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. സ്കൂളിലേക്കുള്ള വഴിയിൽ ചില ആൺകുട്ടികൾ സ്ഥിരമായി എന്നെ ശല്യം ചെയ്യുമായിരുന്നു. ആദ്യത്തെ ദിവസം ഞാൻ വിട്ടുകളയാമെന്ന് കരുതി. രണ്ടാമത്തെ ദിവസവും ക്ഷമിച്ചു. എന്നാൽ മൂന്നാമത്തെ ദിവസം എനിക്ക് വല്ലാതെ ദേഷ്യം വന്നു, വിട്ടുകളയാൻ തോന്നിയില്ല.
ഞാൻ അവിടെക്കിടന്ന ഒരു കല്ലെടുത്ത് അവന്റെ തലയ്ക്ക് എറിഞ്ഞു. ഏറ് കൊണ്ട് അവന്റെ തലയിൽ നിന്നും ചോര വന്നു. ഞാൻ ഉടനെ അവിടെനിന്നും പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അത് വളരെ വയലന്റായ ഒരു പ്രതികരണമായിരുന്നു. അങ്ങനെ തല പൊട്ടിക്കാൻ പാടുണ്ടോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ അന്ന് ഞാൻ ചെയ്തത് അതാണ്. എന്നെ കണ്ടാൽ അധികം സംസാരിക്കാത്തതുകൊണ്ട് പാവമാണെന്ന് തോന്നിയേക്കാം. പക്ഷേ തെറ്റായൊരു കാര്യം സംഭവിക്കുമ്പോൾ മിണ്ടാതിരിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല, തിരിച്ചു കൊടുക്കണം.’ കയാദു പറഞ്ഞു.
അതേസമയം, നിരവധി ചിത്രങ്ങളാണ് കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ദുൽഖർ സൽമാനോടൊപ്പം അഭിനയിക്കുന്ന 'ഐ ആം ഗെയിം', പൃഥ്വിരാജ് ചിത്രം 'ദി പാരഡൈസ്', 'ഇദയം മുരളി', 'ഇമ്മോർട്ടൽ', 'താരം', 'മഞ്ചനത്തി' എന്നിവയാണ് അണിയറയിലുളളത്. ഇതിനുപുറമെ സൂര്യയ്ക്കൊപ്പം ഹോംബാലെ ഫിലിംസിന്റെ ചിത്രത്തിലും കയാദു അഭിനയിക്കുന്നുണ്ട്. മലയാളത്തില് ടൊവിനോ തോമസ് - ഡിജോ ജോസ് ആന്റണി ചിത്രമായ 'പള്ളിചട്ടമ്പി'യിലാണ്കയാദു ഒടുവിൽ അഭിനയിച്ചത്.






