ജർമൻ ആഢംബര കാർ നിർമാതാക്കളായ ഔഡിയുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്യുവിയായ ഇ-ട്രോൺ 2021ൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഇ-ട്രോണിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇ-ട്രോണിന്റെ 17,600 യൂണിറ്റുകൾ 2020-ന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കാൻ ഔഡിക്ക് കഴിഞ്ഞു.
രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇതിൽ വാഗ്ദാനം ചെയ്യുന്നത്. മുൻവശത്ത് 125 കിലോവാട്ടും പിന്നിൽ 140 കിലോവാട്ട് ബാറ്ററിയുമാണ് ലഭിക്കുക. ഇത് രണ്ടും മൊത്തം 408 bhp കരുത്തിൽ 664 Nm ടോർക്കും ഉത്പാദിപ്പിക്കും. മാത്രമല്ല, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇലക്ട്രിക് എസ്യുവിയിൽ ഔഡി ചേർത്തിട്ടുണ്ട്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ Q5 എസ്യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക.
ഇ-ട്രോൺ ഇലക്ട്രിക് എസ്യുവി 400 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നും ഔഡി അവകാശപ്പെടുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കും ഇ-ട്രോണിൽ ഒരുങ്ങുന്നു. 5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത ഔഡി ഇ-ട്രോൺ കൈവരിക്കും. കൂടാതെ പരമാവധി വേഗത 200 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. പനോരമിക് ഗ്ലാസ് സൺറൂഫ്, ഇലക്ട്രിക് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്മെന്റ്, 360 ഡിഗ്രി ക്യാമറ, പ്രീമിയം ഗ്രേഡ് വാൽക്കോണ ഹൈഡ്, ഒരു കംഫർട്ട് റിമോട്ട് പ്രീ കണ്ടൻസിംഗ് സിസ്റ്റം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് സൈൻ റെക്കഗിനിഷൻ എന്നിവ ഇ-ട്രോണിൽ ലഭ്യമാണ്.
സ്ലോപ്പിംഗ് റൂഫ്-ലൈൻ, 20.5 ഇഞ്ച് സ്പോക്ക് അലോയ് വീൽ, എയർ കൂളിംഗിനായി ഫ്ലാപ്പുകളുള്ള ഷാർപ്പ് ഒക്ടാകൺ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, ഔഡിയുടെ മാട്രിക്സ് സാങ്കേതികവിദ്യയുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, ബൂട്ടിലുടനീളം ഒരു എൽഇഡി ബാർ എന്നിവ മറ്റു സവിശേഷതകളാണ്.






