ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഈ വർഷം ജൂലായിലാണ് നോർഡ് സ്മാർട്ഫോൺ പുറത്തിറക്കിയത്. 24,999 രൂപ മുതലാണ് നോർഡിന്റെ വില ആരംഭിക്കുന്നത്. ഇപ്പോളിതാ നോർഡ് ശ്രേണിയിൽ 2 പുത്തൻ ഫോണുകൾ കൂടി കമ്പനി അവതരിപ്പിച്ചു. നോർഡ് N10 5ജി, നോർഡ് N100 എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിപണിയിൽ എത്തിയത്.
5ജി സ്മാർട്ട്ഫോൺ ആയ നോർഡ് N10 5ജി-ൽ 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ആണ് പ്രധാന ആകർഷണം. നോർഡ് N100-ൽ 4ജി എൽടിഇ കണക്ടിവിറ്റിയും എൽസിഡി ഡിസ്‌പ്ലേയുമാണ് ലഭിക്കുന്നത്. നോർഡ് N10 5ജിയ്ക്ക് 329 പൗണ്ട് (ഏകദേശം 32,000 രൂപ) ആണ് വില. നോർഡ് N100-ന് 179 പൗണ്ട് (ഏകദേശം 17,300 രൂപ) ആണ് വില. ഇന്ത്യയിലും ഈ ഫോണുകൾ വില്പനക്കെത്തും എന്നാണ് റിപോർട്ടുകൾ. നോർഡ് N ശ്രേണിയിലെ ഫോണുകൾ ആദ്യഘട്ടത്തിൽ യൂറോപ്യൻ വിപണിയാണ് ലക്‌ഷ്യം വയ്ക്കുന്നത്.
N10 5ജി ആൻഡ്രോയിഡ് അടിസ്ഥാനമായ ഓക്സിജൻ ഒ.എസ് 10.5-ൽ ആണ് പ്രവർത്തിക്കുന്നത്. 6.49 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിന്. 128 ജിബി വരെയുള്ള നോർഡ് N10 5ജിയുടെ ഇന്റെർനൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഉയർത്താം. കമ്പനിയുടെ വാർപ്പ് ചാർജ് 30ടി ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് N10 5ജിയിൽ.
ഓക്സിജൻ ഒ.എസ് 10.5-ൽ പ്രവർത്തിക്കുന്ന നോർഡ് N100-ന് 60Hz റിഫ്രഷ് റേറ്റുള്ള 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ്. 4 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസ്സർ ആണ് ഫോണിന്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് N100-ൽ. നോർഡ് N100-ലെ 64 ജിബി ഓൺബോർഡ് മെമ്മറി മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാവുന്നതാണ്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.






