
പാറ്റ്ന: ബീഹാറില്‍ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ചന്ദ്രയുടെ പ്രചരണത്തിനായി എത്തിയത് തനിക്ക് ദൂ:സ്വപ്നം പേലെ ആയിരുന്നെന്നും ബലാത്സംഗത്തിന് ഇരയാകുമോ കൊല്ലപ്പെടുമോ എന്ന് പോലും ഭയപ്പെട്ടെന്നും ബോളിവുഡ് താരം അമീഷാപട്ടേല്‍. ബീഹാറില്‍ നിന്നും മുംബൈയില്‍ സുരക്ഷിതയായി തിരിച്ചത്തുന്നത് വരെ അവരുടെ താളത്തിനൊത്തു തുള്ളുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു എന്നും മുംബൈയില്‍ എത്തിയ ശേഷം ഭീഷണിമുഴക്കിയുള്ള അനേകം ഫോണ്‍കോളുകള്‍ വന്നതായും അമീഷാപട്ടേല്‍ പറഞ്ഞു.
ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പ്രകാശ് ചന്ദ്ര നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. '' ബോംബെയില്‍ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ അവര്‍ പറയുന്നതിനൊപ്പം നില്‍ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്യുമോ കൊല്ലുമോ എന്നെല്ലാം ഭയന്നു. മുംബൈയില്‍ തിരിച്ചെത്തിയ ശേഷവും തന്നെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ ആവശ്യപ്പെട്ട് പ്രകാശ് ചന്ദ്ര വിളിച്ചു. ഭീഷണിപ്പെടുത്തി. സത്യസന്ധമായി പറഞ്ഞാല്‍ അയാള്‍ക്കൊപ്പം കാര്യങ്ങള്‍ ഭയാനകമായിരുന്നു. എന്ന് താരം ഇന്ത്യാ ടുഡേയോട് പറഞ്ഞു.
പ്രകാശ് ചന്ദ്ര കാരണം വൈകിട്ടത്തെ തന്റെ വിമാനം മിസ്സാകാനും ഗ്രാമത്തില്‍ കഴിയാനും നിര്‍ബ്ബന്ധിതയായി. അവിടെ നിന്നും പോകരുതെന്ന് ഭീഷണിപ്പെടുത്തി. സമ്മതിച്ചില്ലെങ്കില്‍ തനിച്ചു പോകേണ്ടി വരുമെന്ന് പറഞ്ഞു. ''മുംബൈയില്‍ എത്തിയ ശേഷമാണ് ശ്വാസം നേരെ വീണത്. മുംബൈയില്‍ വന്ന ശേഷമാണ് വിവരം ലോകത്തെ അറിയിക്കാനായതെന്നും ഒരുപക്ഷേ താന്‍ ബലാത്സംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമായിരുന്നു. എപ്പോഴും എന്റെ കാറിന് ചുറ്റും അയാളുടെ ആള്‍ക്കാരുണ്ടായിരുന്നു. അയാള്‍ പറയുന്നത് പോലെ ചെയ്യാതെ കാര്‍ അനക്കാന്‍ പോലും കഴിയുമായിരുന്നില്ല. ജീവന് തന്നെ അപകടത്തിലാകുന്ന വിധം അയാള്‍ എന്നെ കെണിയിലാക്കി. ആ രീതിയിലായിരുന്നു അയാള്‍ എല്ലാം ചെയ്തത്.'' താരം പറഞ്ഞു.
അതേസമയം എല്‍ജെപി നേതാവ് ആരോപണം തള്ളിയിട്ടുണ്ട്. എല്ലാം രാഷ്ട്രീയ ഗൂഡാലോച ആണെന്നാത് പ്രകാശ് ചന്ദ്ര പറയുന്നത്. '' തെരഞ്ഞെടുപ്പില്‍ ജയം നേടുന്നത് ആള്ക്കാര് വോട്ടു ചെയ്താലെ ഉള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് താന്‍. എന്നാല്‍ അമീഷയെ പങ്കെടുപ്പിച്ചുള്ള ഒബ്രയിലെ റാലി സംഘടിപ്പിച്ചത് ബന്ധുക്കളാണ്. അവര്‍ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. നടിയുടെ സുരക്ഷാ സംവിധാനത്തിന് ദൗദ്നഗര്‍ പോലീസ് സ്റ്റേഷനായിരുന്നു ചുമതല. അവര്‍ പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ല. ബീഹാറില്‍ എന്താ നടിമാരില്ലേ? സോനാക്ഷി സിന്‍ഹ ഇവിടുന്നുള്ളയാളാണ്. വിമാനത്താവളത്തില്‍ വെച്ച് പപ്പുയാദവിനെ കാണുകയും 15 ലക്ഷത്തിന് കരാറുണ്ടാക്കുകയും ചെയ്തത് അവരാണ്.'' പ്രകാശ് ചന്ദ്ര പറയുന്നു.
പണം നല്കിയാല് തനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാനും അമീഷ സമ്മതിച്ചിരുന്നു. ഇക്കാര്യം തന്റെ ഡ്രൈവര്‍ അമീഷയുടെ പിഎ യുമായി സംസാരിച്ചതാണ്. ഇക്കാര്യം അമീഷ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 10 ലക്ഷം കൂടി അവര്‍ ആവശ്യപ്പെട്ടു. താന്‍ വിദ്യാഭ്യാസം ഉള്ളയാളാണ്. അവര്‍ക്ക് ഇവിടെ പൂര്‍ണ്ണ സുരക്ഷ ഒരുക്കിയിരുന്നു. ഇപ്പോള്‍ അവര്‍ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണ്. ബോളിവുഡില്‍ അരങ്ങേറ്റ ചിത്രമായ കഹോ നാ പ്യാര് ഹെ, ഗദ്ദാര്‍ എന്നീ വന്‍ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാര്യമായ അവസരം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോയ താരമാണ് അമീഷാപട്ടേല്‍.






