
എയര്‍ പ്രോട്ടിന് എന്ന കമ്പനി അവതരിപ്പിച്ചിരിക്കുന്ന തങ്ങളുടെ പുത്തന്‍ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'ശാസ്ത്ര ഇറച്ചി'യുടെ നിര്‍മ്മാണമാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. പ്രൊബയോട്ടിക് പ്രൊഡക്ഷന്‍ എന്നു വിളിയ്ക്കുന്ന പ്രക്രിയയാണ് ഇവര്‍ ചെയ്യുന്നത്. സൂക്ഷ്മജീവികളെ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിനെ ഒരു തരം പ്രോട്ടിനാക്കി മാറ്റുകയാണു ഇവിടെ ഗവേഷകര്‍ ചെയ്യുന്നത്.
ഇങ്ങനെ ഉത്പാദിക്കപ്പെടുന്ന പ്രോട്ടിന് മൃഗങ്ങളുടെ ഇറച്ചിയില്‍ നിന്നു ലഭിക്കുന്നതിനു തുല്യമായിരിക്കും. പ്രത്യേകമായി വളര്‍ത്തിയെടുത്ത ഹൈഡ്രോജനട്രോഫ്സ് എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളെയാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുക. ഇത്തരത്തില്‍ ജീവികളെ വളര്‍ത്തിയെടുക്കുന്നതിന് ഫെര്മന്റേഷന് ടാങ്കുകളുണ്ട്. കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവും മറ്റു ചില പോഷകവസ്തുക്കളുമാണ് ഈ സൂക്ഷ്മജീവികള്‍ക്കു ഭക്ഷണമായി ടാങ്കില്‍ നല്‍കുക. ഇതെല്ലാം ഉപയോഗിച്ച് അവ തവിട്ടു നിറത്തിലുള്ള ഒരു പൊടി ഉല്പാദിപ്പിക്കും.
ഈ 'ധാന്യത്തില്‍' 80 ശതമാനവും പ്രോട്ടിനായിരിക്കും. പൂര്‍ണമായി ഇറച്ചിയെന്ന് വിളിക്കാന്‍ സാധിക്കില്ലെങ്കിലും ഏകദേശം ഇറച്ചിയുടെ രുചിയായിരിക്കും ഇതിന്. ഒപ്പം മറ്റു ചില വസ്തുക്കളുമായി ചേര്‍ക്കുന്നതോടെ യഥാര്‍ഥ ഇറച്ചിയുടെ ഗുണവും രുചിയും ലഭിക്കും. അന്തരീക്ഷത്തെയും പരിസ്ഥിതിയെയൂം അധികം ദ്രോഹിക്കാതെ മികച്ച രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലേക്കെത്തിക്കാനാണു തങ്ങളുടെ ലക്ഷ്യമെന്നും എയര്‍ പ്രോട്ടിന് പറയുന്നു. മണിക്കൂറുകള്‍ക്കകം ഈ പ്രോട്ടിന് ഉല്പാദിപ്പിക്കാമെന്ന ഗുണവുമുണ്ട്. ഇതുപയോഗിച്ച് ബര്‍ഗറോ പീത്സയോ എന്നു വേണ്ട, ഇറച്ചി ഉപയോഗിക്കേണ്ട ഏതുതരം ഭക്ഷ്യവസ്തുവും പാകം ചെയ്തെടുക്കാമെന്നും ഗവേഷകര്‍ പറയുന്നു.






