
കൊച്ചി : മുവാറ്റുപുഴയില്‍ കടയുടമയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. യുവതിയെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് കഴിഞ്ഞ ദിവസം പെണ്‍കെണിയില്‍ പെട്ടത്. ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ (25) ആണ് കേസിലെ പ്രധാനപ്രതി.
സംഭവത്തില്‍ ആര്യയെയും സുഹൃത്ത് കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിനെയും നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. യാസിന്, ആസിഫ്, റിസ്വാന് എന്നീ മൂന്ന് പേരെകൂടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടുകയായിരുന്നു ആര്യയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.
സ്ഥാപന ഉടമയെ രാത്രി കോതമംഗലത്തെ ലോഡ്ജിലേക്കു ആര്യ വശീകരിച്ച് വിളിച്ചുവരുത്തി. ഇതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആര്യയും സ്ഥാപന ഉടമയും ഇരുന്ന മുറിയിലേക്ക് ആര്യയുടെ രണ്ട് സുഹൃത്തുക്കള്‍ എത്തി. ഇതിനിടെ സ്ഥാപന ഉടമയെ അര്‍ധ നഗ്നനാക്കി ആര്യയുമായി ചേര്‍ത്ത് നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.
ഭയന്നുവിറച്ച യുവാവിനോടു നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു കയ്യില്‍ പണം ഇല്ലെന്ന് അറിയിച്ചപ്പോള്‍ യുവാവ് വന്ന കാറില്‍ കയറ്റി കൊണ്ടുപോയി. ആര്യയെ വീട്ടിലിറക്കി. യാത്രാമധ്യേ 3 പേര്‍കൂടി കാറില്‍ കയറി. യുവാവിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് 35,000 പിന്‍വലിച്ചു.
വാഹനം കോട്ടപ്പടി കോളജിനു സമീപമെത്തിയപ്പോള്‍ സ്ഥാപന ഉടമ മൂത്രമൊഴിക്കാനെന്ന വ്യാജേനെ പുറത്തിറങ്ങി. നാട്ടുകാരെ വിളിച്ചുവരുത്തി. അതോടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.






