
അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാന്റെ ഭാര്യ അന്ന ഹകോബയാന്റെ പുതിയ പ്രഖ്യാപനമാണ് ശ്രദ്ധേയമാകുന്നത്. താന്‍ സൈനിക പരിശീലനം ആരംഭിച്ചതായും ഉടന്‍ തന്നെ അസര്‍ബൈജാനുമായി കടുത്ത പോരാട്ടം നിലനില്‍ക്കുന്ന നഗോര്‍നോ - കരാബഖ് മേഖലയിലുള്ള അര്‍മേനിയന്‍ സേനയുടെ ഭാഗമാകുമെന്നുമാണ് അന്ന ഹകോബയാന് വ്യക്തമാക്കിയിരിക്കുന്നത്. 20-കാരനായ അന്നയുടെ മകന് ആഷോറ്റ് പാഷിന്യാനും കരാബാഖില്‍ അസര്‍ബൈജാനെതിരെ പോരാടാന്‍ സായുധസേനയ്ക്കൊപ്പം ചേര്‍ന്നിരുന്നു.
സെപ്തംബര്‍ മുതല്‍ അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ആയിരത്തിലധികം പേര് കൊല്ലപ്പെട്ടു. റഷ്യയും അമേരിക്കയും വെവ്വേറെ മൂന്ന് വെടിനിറുത്തല്‍ കരാറുകള്‍ക്ക് ശ്രമിച്ചെങ്കിലും അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും കരാറുകള്‍ ഫലം കാണാതെ പോവുകയായിരുന്നു. താനുള്‍പ്പെടുന്ന 13 അംഗ വനിതാ സ്ക്വാഡ് ഉടന്‍ തന്നെ മിലിട്ടറി ട്രെയിനിംഗ് അഭ്യാസം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെയാണ് അന്ന വ്യക്തമാക്കിയത്. 'വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ പുറപ്പെടും. നമ്മുടെ മാതൃരാജ്യമോ നമ്മുടെ അന്തസോ ശത്രുവിന് മുന്നില്‍ കീഴടങ്ങില്ല.' - അന്ന കുറിച്ചു.
അര്‍മേനിയയിലെ ദിനപത്രമായ അര്‍മേനിയന്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ ആണ് അന്ന. അസര്‍ബൈജാന്റെ ആക്രമണത്തിനിരയാകുന്ന നഗോര്‍നോ - കരാബഖ് മേഖലയിലുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചറിയണമെന്ന സന്ദേശത്തില്‍ യു.എസ്, കാനഡ, ഫ്രാന്‍സ്, ബ്രസീല്‍, ലെബനന്, സിംഗപ്പൂര്‍, ലിത്വാനിയ, അര്‍ജന്റീന, വിയറ്റ്നാം എന്നിവിടങ്ങളിലെ പ്രഥമ വനിതകള്‍ക്ക് അന്ന കത്തയച്ചിരുന്നു. അന്ന നടത്തുന്ന രണ്ടാമത്തെ മിലിട്ടറി പരിശീലന ഘട്ടമാണിത്. കഴിഞ്ഞ മാസം, അന്നയും കരാബഖില്‍ നിന്നുള്ള വനിതാ സംഘവും അര്‍മേനിയയിലെ ഒരു മിലിട്ടറി ബേസില്‍ ഏഴ് ദിവസത്തെ സൈനിക പോരാട്ട പരിശീലനം നടത്തിയിരുന്നു.






