
ചെന്നൈ: ദക്ഷിണേന്ത്യയില്‍ വേരുപിടിക്കാന്‍ തമിഴ്നാടിലെ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപി ഹിന്ദുക്കളെ ഏകോപിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്തുന്നു. ഇതിന്റെ പ്രഥമ ചുവടുവെയ്പ്പായി മുരുകഭക്തരെ പിടികൂടാന്‍ വേല്‍യാത്രയുമായി എത്തുകയാണ്. വേല് യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രചരണ വീഡിയോ പുറത്തിറക്കി. എംജിആറിന്റെയും നരേന്ദ്രമോഡിയുടേയുമെല്ലാം ചിത്രം വീഡിയോയില്‍ ഉപയോഗിച്ചിരിക്കുകയാണ്.
നവംബര്‍ ആറ് മുതല്‍ തമിഴ്നാട്ടില്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തില്‍ വേല് യാത്ര സംഘടിപ്പിക്കാനാണ്് ബി.ജെ.പി നേതൃത്വം ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് വഴി മുരുകഭക്തരിലേക്ക് എളുപ്പം എത്തിച്ചേരാനാകുമെന്നും ഹിന്ദു ഏകീകരണം നടത്താമെന്നും ബിജെപി കരുതുന്നു. പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മുരുക ഭക്തരാണ് യാത്രയുടെ പ്രധാന ലക്ഷ്യം. പരിപാടിയില്‍ പങ്കെടുക്കാന്‍ ദേശീയ നേതാവ് ജെ.പി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം വേല്‍യാത്രയുടെ പ്രചരണാര്‍ത്ഥം പുറത്തുവിട്ട വീഡിയോയില്‍ എംജിആറിന്റെ ചിത്രം ഉപയോഗിച്ചതിനെതിരേ എഐഎഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. എം.ജി.ആറിന്റെ ചിത്രമുപയോഗിക്കാന് ബി.ജെ.പിയ്ക്ക് അവകാശമില്ലെന്നും തങ്ങളുടെ നേതാവിനെ എന്തിനാണ് എടുക്കുന്നതെന്നും ബിജെപി വീഡിയോയില്‍ ഉപയോഗിക്കേണ്ടത് സ്വന്തം നേതാക്കളുടെ ചിത്രമല്ലെയെന്നും എഐഎഡിഎംകെ നേതാക്കള്‍ ചോദിക്കുന്നു.
അതേസമയം എം.ജി.ആറിനെ പോലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ആ പശ്ചാത്തലത്തിലാണ് എം.ജി.ആറിന്റെ ചിത്രമുപയോഗിച്ചതെന്നുമായിരുന്നു സംസ്ഥാന ബി.ജെ.പി പറയുന്ന ന്യായീകരണം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുങ്ങാന്‍ കഴിയാത്ത ജീവിതമായിരുന്നു എം.ജി.ആറിന്റെതെന്നും അതിനാല്‍ തങ്ങള്‍ക്കും ചിത്രം ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നാണ് ബിജെപി പറയുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് എംജിആറും നരേന്ദ്രമോഡിയുമെല്ലാം വരുന്നത്.






