പുത്തൻ ഫീച്ചറുകളിൽ പുതിയ ആൻഡ്രോയിഡ് ഫോൺ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിന്നിഷ് കമ്പനി നോക്കിയ. ഏറ്റവും പുതിയ ഫീച്ചറുകളും ടെക്നോളജിയുമാണ് നോക്കിയ 10 പ്യുവർവ്യൂ (ഔദ്യോഗിക പേരല്ല) ഫോണിൽ പ്രതീക്ഷിക്കുന്നത്. നോക്കിയ 9.3 പ്യുവർവ്യൂവിന്റെ പിൻഗാമിയായിരിക്കും പുത്തൻ ഫോൺ. വൈകാതെ തന്നെ ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്
സഫയർ ഗ്ലാസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 875 എസ്ഒസി, സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിം എന്നിങ്ങനെ നിരവധി സവിശേഷതകളോടെ ആയിരിക്കും ഫോൺ എത്തുക. അടുത്ത വർഷം രണ്ടാം പകുതിയിൽ മാത്രമായിരിക്കും ഇത് അവതരിപ്പിക്കുക എന്നും ചില റിപ്പോർട്ടുകളുണ്ട്. അതേസമയം, പുതിയ ഫോണിനെ കുറിച്ച് നോക്കിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
നോക്കിയപവർ യൂസറിന്റെ റിപ്പോർട്ട് അനുസരിച്ച് നോക്കിയ 10 പ്യുവർവ്യൂവിൽ സ്നാപ്ഡ്രാഗൺ 875 പ്രോസസര്‍ ആയിരിക്കുമെന്നാണ്. മുൻപത്തെ നോക്കിയ ഫ്ലാഗ്ഷിപ്പുകളിൽ കാണുന്നതുപോലെ, സീസ് ഒപ്റ്റിക്സിനൊപ്പം മൾട്ടി ക്യാമറ സംവിധാനവും ഫോണിൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. നീലക്കല്ലിന്റെ ഗ്ലാസ് ഡിസ്പ്ലേയും സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.






