
ഒഡീഷ : ഓഡീഷയില്‍ ദീപാവലിക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉപയോഗിക്കാനും വില്‍ക്കാനും പാടില്ല എന്നാണ് ഓഡീഷാ സര്‍ക്കാരിന്റെ ഉത്തരവ്. നവംബർ 10 മുതൽ 30 വരെയാണ് നിരോധിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്.
'കോവിഡ് മഹാമാരിയുടെയും ശൈത്യകാലത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് നവംബർ 10 മുതൽ 30 വരെ പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചിരിക്കുന്നു', സർക്കാർ പ്രസ്താവനയിൽ പറയുന്നു. പടക്കങ്ങള്‍ പൊട്ടിക്കുമ്പോൾ അവയില്‍ നിന്നും വരുന്ന വിഷ വാദകങ്ങളായ നൈട്രസ് ഓക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവ കൊവിഡ് രോഗികള്‍ക്കും വീടുകളില്‍ ഐസൊലേഷനിൽ കഴിയുന്നവര്‍ക്കും ആരോഗ്യത്തില്‍ ദോഷമായി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ട് മഹാമാരിക്കെതിരെ പോരാടാൻ ഒഡീഷയിലെ ജനങ്ങളുടെ പൂർണമായ സഹകരണവും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കാനും സർക്കാർ നിർദേശിച്ചു.






