
രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ മാരുതി ഈക്കോയുടെ 40,453 യൂണിറ്റുകളെ തിരിച്ചുവിളിച്ചു. ഹെഡ്ലാമ്പുകളിൽ റെഗുലേറ്ററി സ്റ്റാൻഡേർഡ് ചിഹ്നം നഷ്ടമായേക്കാമെന്ന കാരണത്താലാണ് മോഡലുകൾ തിരിച്ചുവിളിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
2019 നവംബർ 4-നും 2020 ഫെബ്രുവരി 25-നും ഇടയിൽ നിർമ്മിച്ച മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ മോഡലിന് പ്രശനം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. പ്രശനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾ ഉപഭോക്താവിന് അടുത്തുള്ള മാരുതിയുടെ അംഗികൃത ഡീലർഷിപ്പിൽ കൊണ്ടുവരാമെന്നും സൗജന്യമായി പ്രശ്നം പരിഹരിച്ച് നൽകുമെന്നും റിപ്പോർട്ടുണ്ട്.
2010 -ലാണ് ഈക്കോ വിപണിയിൽ എത്തുന്നത്. വിപണിയിൽ എത്തി രണ്ട് വർഷത്തിനുള്ളിൽ മാരുതി സുസുക്കിക്ക് ഈക്കോയുടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. ഇതുവരെ മോഡലിന്റെ ഏഴ് ലക്ഷം യൂണിറ്റുകൾ വിറ്റതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. വിപണിയിൽ എത്തി ഏകദേശം 10 വർഷങ്ങൾ പിന്നിടുമ്പോഴാണ് മോഡൽ ഈ നേട്ടം കൈവരിക്കുന്നത്. ബിഎസ് VI 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് ഈക്കോയ്ക്കും കരുത്ത് നൽകുന്നത്. ഈ എഞ്ചിൻ 73 bhp കരുത്തും 101 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈക്കോ ലൈനപ്പിൽ സിഎൻജി വേരിയന്റും ലഭ്യമാണ്.







Comments