
ന്യൂയോര്‍ക്ക്: 273 ഇലക്ടറല്‍ വോട്ടുമായി ജോ ബൈഡന് അമേരിക്കയുടെ 46-ാം പ്രസിഡന്റ്. കമലാ ഹാരീസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റുമായി. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന് നേടിയതായി സി.എന്‍.എന്നും ഫോക്സ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. പെന്‍സില്‍വാനിയയിലെ വിജയത്തോടെ ബൈഡന് കേവല ഭൂരിപക്ഷം നേടി.
എന്നാല്‍ ബൈഡന്റെ വിജയം ട്രംപ് ക്യാമ്പ് അംഗീകരിച്ചിട്ടില്ല. 214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു ലഭിച്ചത്. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.
ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജനനം. 1964 ല്‍ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ഡിഗ്രിയെടുത്തു. പിന്നീട് നിയമ ബിരുദവും. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തിയ നിയമസ്ഥാപനത്തില്‍ അവസരംവന്നതപ്പോള് ജോയും ഒരു ഡെമോക്രാറ്റായി. അന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായിരുന്ന ഡെലവേറില്‍ സെനറ്റിലേക്കു മത്സരിക്കാന്‍ നറുക്കുവീണത് ബൈഡനാണ്. മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് ജെ. കാലേബ് ബോഗ്സിനെ തോല്പിച്ച് 29-ാം വയസില്‍ ബൈഡന് സെനറ്റിലെത്തി. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാള്‍ എന്ന നിലയില്‍ ആ ജയം ദേശീയതലത്തില്‍ ശ്രദ്ധ നേടി.
ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്.






