
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പനുമൊത്ത് വന്‍കിട ഇടപാടുകള്‍ക്കു പദ്ധതിയിട്ടിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തല്‍. ലൈഫ് മിഷന് പദ്ധതിയിലെ കോഴയിടപാടോടെയാണു ബന്ധം ദൃഢമായത്. ചോദ്യംചെയ്യലില്‍ പല വിവരങ്ങളും മറച്ചുവച്ചെന്നു വ്യക്തമായതോടെ സന്തോഷിനെ പ്രതിയാക്കാന്‍ സാധ്യതയേറി.
ഇ.ഡിയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സന്തോഷ് ഈപ്പന് രണ്ടാം സാക്ഷിയാണ്. സ്വപ്ന സുരേഷിനെ കഴിഞ്ഞ പത്തിനു ജയിലില്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് സന്തോഷിനെ കുരുക്കുന്നത്. ഇയാളെ വീണ്ടും ചോദ്യംചെയ്യുമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രതിചേര്‍ക്കുമെന്നും ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും കരാര്‍ കമ്പനിയായ സെയ്ന് വെഞ്ചേഴ്സിന്റെ ഡയറക്ടര്‍ പി.വി. വിനോദും സാക്ഷിപ്പട്ടികയിലാണ്. സെയ്ന് വെഞ്ച്വേഴ്സിന്റെ യഥാര്‍ഥ ഉടമ സന്തോഷാണെന്ന് ഇ.ഡി. കരുതുന്നു.
ലൈഫ് മിഷന്റെ 36 പദ്ധതികളില്‍ 26 എണ്ണവും യൂണിടാക്ക്, ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്കാണു ലഭിച്ചത്. പെന്നാറിനു കിട്ടിയതു ചെറിയ കരാറുകള്‍ മാത്രമാണ്. ലൈഫ് മിഷന്, കെ ഫോണ്‍ പദ്ധതികള്‍ സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്കു കൈമാറിയിരുന്നു. സന്തോഷിനു വേണ്ടിയായിരുന്നു ഇത്. കെ ഫോണിലും ലൈഫ് മിഷനിലും ശിവശങ്കര്‍ സന്തോഷിനു കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും ഇ.ഡി. കണ്ടെത്തി. കെ ഫോണ്‍, ലൈഫ് മിഷന് പദ്ധതികളില്‍ സന്തോഷിനെ ഭാഗമാക്കാന്‍ ശിവശങ്കര്‍ താല്പര്യപ്പെട്ടിരുന്നെന്നു സ്വപ്ന മൊഴി നല്കി. ലൈഫ് മിഷന് പദ്ധതിയില്‍ ലഭിക്കുന്ന കമ്മീഷന്റെ ഒരു വീതം ശിവശങ്കറിനാണെന്നും സ്വപ്ന വെളിപ്പെടുത്തി.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റിങില്‍ സന്തോഷ് ഈപ്പനുമായുള്ള അടുപ്പം വ്യക്തമാണ്. ശിവശങ്കറിനെ രക്ഷിക്കാനായി സന്തോഷ് പല കാര്യങ്ങളും മറച്ചുവച്ചു. ശിവശങ്കര്‍ പല ഇടപാടുകളിലൂടെയും നേടിയ കള്ളപ്പണം വെളുപ്പിച്ചതില്‍ ഇയാള്‍ക്കു പങ്കുണ്ട്. സന്തോഷിന്റെ കമ്പനികള്‍ വഴിയാണോ പണം വെളുപ്പിച്ചതെന്ന് അന്വേഷിച്ചുവരുന്നു.
ജെബി പോള്‍






