
തൃശ്ശൂർ/കാസർകോട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ചതന്നെ പ്രകൃതിവാതകമെത്തും.
ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപയാണ് ലഭിക്കുക.
കൊച്ചിയിൽനിന്ന് പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ജനുവരിയോടെ കമ്മിഷൻ ചെയ്യും.
ഗെയ്ൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016-ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിരുന്നു.
അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും.






