തിരുവനന്തപും: കിഫ്ബിക്കെതിരെ ഒരു ആര്.എസ്.എസ് നേതാവിനോടും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. കേസിലെ കക്ഷിയെ കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കിലും ഈ കേസ് ഏറ്റെടുക്കുമായിരുന്നുവെന്നും മാത്യു പറഞ്ഞു. കേരള പൊതുസമുഹത്തിന്റെ നന്മയ്ക്കായാണ് അത് ചെയ്യുന്നത്. അതുകൊണ്ട് അതില്‍ നിയമപരമായോ സാങ്കേതികമായോ പ്രൊഫഷണല്‍ എത്തിക്സിന്റെ ഭാഗമായോ തെറ്റില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കക്ഷിയെ കണ്ടിട്ടില്ല. കക്ഷിയുടെ പശ്ചാത്തലവും രാഷ്ട്രീയവും അറിയില്ലായിരുന്നെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ഏതെങ്കിലും സംഘപരിവാര്‍ ആര്.എസ്.എസ് നേതാക്കളുമായോ പ്രവര്‍ത്തകരുമായോ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട് എന്നതിന് തെളിവുണ്ടെങ്കില്‍ അത് പുറത്തുവിടണം. തെളിവ് പുറത്തുവിട്ടാല്‍ താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും തോമസ് ഐസക്കിനെ അറിയിക്കുകയാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കിഫ്ബി പ്രവര്‍ത്തിക്കുന്നത് നിയമപരമായാണ്. എന്നാല്‍ മസാല ബോണ്ട് ഇഷ്യു ചെയ്തത് ഭരണഘടനാപരമായല്ലെന്നാണ് താന്‍ പറഞ്ഞതെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ അനുമതിയോട് കൂടിയാണ് കിഫ്ബിയൃടെ വായ്പയെന്ന് മന്ത്രി പല തവണ പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം താന്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു. റിസര്‍വ് ബാങ്ക് നല്‍കിയത് എന്‍.ഒ.സി മാത്രമാണ്. അനുമതി ലഭിച്ചു എന്ന് കാണിക്കുന്ന രേഖ ധനമന്ത്രി പുറത്തുവിടണമെന്നും കുഴല്നാടന് പറഞ്ഞു.
കിഫ്ബിക്കെതിരെ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായി മാത്യു കുഴല്‍നാടനും ആര്.എസ്.എസ് നേതാവ് രാംമാധവും തമ്മില്‍ തൃശൂര്‍ രാമനിലയത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പുറത്തുവിട്ടിരുന്നു. കിഫ്ബിക്കെതിരെ ആര്.എസ്.എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവ് നല്കിയ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരാകുന്നത് മാത്യൂ കുഴല്‍നാടനാണ്.






