
തിരുവനന്തപുരം: കിഫ്ബി വിവാദം ശക്തമാക്കി, പ്രതിപക്ഷത്തെ നേരിടാന്‍ സി.പി.എംതന്നെ സജീവമായി രംഗത്തിറങ്ങുന്നു. ആര്.എസ്.എസ്. ബന്ധമാരോപിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണു നീക്കം.
എന്നാല്‍, കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ലാവ്ലിന് കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണു പ്രതിപക്ഷം. സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് മന്ത്രി ടി.എം. തോമസ് ഐസക്കിനെതിരേ വി.ഡി. സതീശന് എം.എല്‍.എ. അവകാശലംഘന നോട്ടീസും നല്കി.
പൗരത്വ ഭേദഗതി നിയമം, വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവം എന്നിവയ്ക്കൊപ്പം കിഫ്ബി വിഷയവും പ്രതിപക്ഷത്തിനെതിരേ പരിചയാക്കാനാണു നീക്കം. ആര്.എസ്.എസ്. നേതാവ് റാം മാധവിന്റെ നിര്‍ദേശപ്രകാരമാണു കിഫ്ബിക്കെതിരായ ഹര്ജിയെന്നാണു മന്ത്രി ഐസക് ഇന്നലെ ആരോപിച്ചത്. ആര്.എസ്.എസിന്റെ ഗൂഢനീക്കത്തിന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് വക്കാലത്തെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസിനു പ്രതിരോധമായും ആര്.എസ്.എസ്-കോണ്‍ഗ്രസ് ബന്ധം ഇടതുമുന്നണി ഉന്നയിക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലെ പ്രചാരണവിഷയമായി വികസനവും കിഫ്ബിയും കൊണ്ടുവരാനാണു നീക്കം. കിഫ്ബിക്കെതിരേ തുടക്കം മുതല്‍ ഗുരുതര ആരോപണങ്ങളാണു പ്രതിപക്ഷനേതാവ്രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഉന്നയിച്ചിരുന്നത്. ലാവ്ലിനുമായി ബന്ധമുള്ളവരാണു കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നാണു പ്രധാന ആരോപണം. വന്‍പലിശയ്ക്കു ബോണ്ട് വിറ്റതു പാരിതോഷികമാണെന്നും ആരോപണമുണ്ട്.
ആര്. സുരേഷ്






