
തിരുവന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം. ബി. ബി. എസ്. സീറ്റുകള്‍ക്ക് ഫീസ് വര്‍ദ്ധിച്ചേക്കാന്‍ സാധ്യത. സംസ്ഥാനത്തെ പത്ത് മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് മെറിറ്റ് സീറ്റുകള്‍ക്ക് 11 മുതല്‍ 22 ലക്ഷം രൂപ വരെയും, എന്‍. ആര്. ഐ. സീറ്റുകള്‍ക്ക് 20 മുതല്‍ 30 ലക്ഷം രൂപ വരേയുമാണ്.
മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് കോടതി നിര്‍ദ്ധേശ പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷന് വിജ്ഞാപനം ചെയ്തു. ജസ്റ്റിസ് ആര്. രാജേന്ദ്രബാബു കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടിയാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ്.
ഈ വര്‍ഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പത്തിടത്ത് ആവശ്യപ്പെടുന്ന ഫീസാണ് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റ് കോളേജുകള്‍ ആവശ്യപ്പെടുന്ന ഫീസ് എത്രയാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്ഥകള്‍ ഇവര്‍ക്കും ബാധകമാകും. ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥികളെ അറിയിക്കാനും കോടതി നിര്‍ദ്ധേശിച്ചിട്ടുണ്ട്. ഫീസ് വര്‍ദ്ധന നിലവില്‍വന്നാല്‍ ആ തുക അടയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാകും.
ഫീസ് വര്‍ദ്ധനയില്‍ കോടതിയുടെ അന്തിമ വിധി വരാത്തതിനാല്‍ മെഡിക്കല്‍ അലോട്ട്മെന്റ് മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടുമില്ല. ഫീസ് വര്‍ദ്ധന നടപ്പിലായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഴയ ഓപ്ഷന് അനുസരിച്ച് പഠിക്കാന്‍ സാധിക്കില്ല. ഇത്തരം വിഷയങ്ങളില്‍ കോടതി വിധി വന്നതിനുശേഷം മാത്രമേ വ്യക്തതവരൂ.
6.22-7.65 ലക്ഷം രൂപ വരെയാണ് രാജേന്ദ്രബാബു കമ്മിറ്റി വാര്‍ഷിക ഫീസായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ മൂന്നിരട്ടിയാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്ന ഫീസ്. എന്‍. ആര്. ഐ. സീറ്റില്‍ വാങ്ങുന്ന വാര്‍ഷിക ഫീസ് 20 ലക്ഷം രൂപയാണ്. ഇതില്‍ അഞ്ച് ലക്ഷം രൂപ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് മാറ്റിവെയ്ക്കണമെന്നുമാണ് രാജേന്ദ്രബാബു കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ പേജിലൂടെ റാങ്ക് ലഭ്യമാകുമെങ്കിലും, കേരളത്തിലെ റാങ്ക് ലിസ്റ്റ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇത് പ്രസിദ്ധീകരിച്ചിരുന്നു.






