
ഇന്ത്യൻ വാഹന വിപണിയിൽ കോംപാക്ട് എസ്യുവി സെഗ്മെന്റിലേക്ക് നിസ്സാന്റെ മാഗ്നൈറ്റും ഉടനെത്തും. റിപോർട്ടുകൾ അനുസരിച്ച് ഈ മാസം 26-ന് മാഗ്നൈറ്റിന്റെ വില നിസ്സാൻ പ്രഖ്യാപിക്കും. മാത്രമല്ല, പല നിസ്സാൻ ഡീലർഷിപ്പുകൾ അനൗദ്യോഗികമായി മാഗ്നൈറ്റിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
അനൗദ്യോഗികമായി പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം 5.50 ലക്ഷം മുതൽ 9.55 ലക്ഷം വരെയായിരിക്കും മാഗ്നൈറ്റിൻ്റെ വില. 72 പിഎസ് പവറും 96 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ ആയിരിക്കും നിസ്സാൻ മാഗ്നൈറ്റിന്റെ വിലക്കുറവുള്ള വേരിയന്റുകളിൽ ലഭിക്കുക എന്നാണ് സൂചന. എന്നാൽ, ഉയർന്ന വേരിയന്റുകളിൽ 95 എച്ച്പി പവർ നിർമ്മിക്കുന്ന 1.0-ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ ഇടം പിടിക്കും. മാന്വൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ നിസ്സാൻ മാഗ്നൈറ്റ് എത്തും.
പുത്തൻ ഡാറ്റ്സൺ റെഡിഗോയോട് സാദൃശ്യമുള്ള ഗ്രിൽ, പൂർണമായും എൽഇഡി ആയ ഷാർപ് ലുക്കിലുള്ള ഹെഡ്ലാംപ് നീളം കൂടിയ L ഷെയ്പ്പിലുള്ള ഫോഗ് ലാമ്പുകളും സ്കിഡ് പ്ലെയ്റ്റുകളും ചേർന്ന സ്പോർട്ടി ബമ്പർ എന്നിവ മാഗ്നൈറ്റിന് കൂടുതൽ ആകർഷകമാക്കുന്നു. ഡ്യുവൽ ടോൺ 16-ഇഞ്ച് അലോയ് വീൽ, ഫ്ളോട്ടിങ് റൂഫ്, സിൽവർ നിറത്തിലുള്ള റൂഫ് റെയിലുകൾ, കറുപ്പ് ക്ലാഡിങ്ങുകൾ ചേർന്ന പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ച്, വലിപ്പം കൂടിയ സി-പില്ലർ, എൽഇഡി റാപ്പ് എറൗണ്ട് ടെയിൽ ലാമ്പ്, സ്കിഡ് പ്ലെയ്റ്റുകൾ ചേർന്ന പിൻ ബമ്പർ എന്നിവ മാഗ്നൈറ്റിന് ഒരു പുത്തൻ സ്റ്റൈൽ നൽകുന്നു.
ലംബോഗിനി ഉറൂസ് എസ്യുവിയ്ക്ക് സമാനമായ എയർ-കോൺ വെന്റുകൾ, സെഗ്മെന്റിൽ ആദ്യമായി 360-ഡിഗ്രി കാമറ, പൂർണമായും ഡിജിറ്റൽ ആയ 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 8-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ ഒരുക്കുന്നു.






