
ഓഗസ്റ്റിലാണ് പിക്സൽ നിരയിലെ പുത്തൻ താരം പിക്സൽ 4a-യെ അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ അവതരിപ്പിച്ചത്. ജസ്റ്റ് ബ്ലാക്ക് എന്ന ഒരൊറ്റ കളർ ഓപ്ഷനിൽ ആണ് ഗൂഗിൾ പിക്സൽ 4a അവതരിപ്പിച്ചിരുന്നത്. ഇപ്പോളിതാ ഗൂഗിൾ പിക്സൽ 4a-യ്ക്ക് ബെയർലി ബ്ലൂ എന്ന പുതിയ നിറം അവതരിപ്പിച്ചു. ഇളം നീല നിറമാണ് ബെയർലി ബ്ലൂ. ഗൂഗിൾ പിക്സൽ 4a-യ്ക്ക് 31,999 രൂപയാണ് വില.
നിലവിൽ അമേരിക്കൻ വിപണിയിലാണ് ഗൂഗിൾ പിക്സൽ 4a ബെയർലി ബ്ലൂ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത് എന്നാൽ, അധികം വൈകാതെ ഇന്ത്യയിലും ഈ പതിപ്പ് വില്പനക്കെത്തുമെന്ന് റിപ്പോർട്ടുണ്ട്. 5.81 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്സൽ) ഒഎൽഇഡി ഡിസ്പ്ലേയാണ് ഗൂഗിൾ പിക്സൽ 4a-യ്ക്ക്. ഈ ഡിസ്പ്ലേയ്ക്ക് 19.5:9 ആസ്പെക്ട് റേഷ്യോയും 443 പിപിഐ പിക്സൽ ഡെൻസിറ്റിയും, എച്ഡിആർ സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായി ആണ് ഗൂഗിൾ പിക്സൽ 4a പ്രവർത്തിക്കുന്നത്. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730G SoC പ്രോസസറും 6 ജിബി LPDDR4x റാമും ചേർന്നതാണ് ഹൃദയം. 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഗൂഗിൾ പിക്സൽ 4a-യ്ക്ക്. എന്നാൽ, ഇത് വർദ്ധിപ്പിക്കാൻ സാധിക്കില്ല.
എൽഇഡി ഫ്ലാഷ് മൊഡ്യൂളുമുള്ള 12 മെഗാപിക്സൽ ക്യാമറയാണ് ഗൂഗിൾ പിക്സൽ 4a-യ്ക്ക്. ടോപ്പ് ഷോട്ട്, നൈറ്റ് സൈറ്റ്, ഡ്യുവൽ എക്സ്പോഷർ കണ്ട്രോൾ, പോർട്രെയിറ്റ് മോഡ്, ഫ്യൂസ് ചെയ്ത വീഡിയോ ഫീച്ചറുകളുള്ള പ്രധാന കാമറ എച്ച്ഡിആർ+ പിന്തുണയ്ക്കുന്നു. കൃത്യതയുള്ള ഫോട്ടോകളും വിഡിയോകളും ലഭിക്കാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ലഭിക്കുന്നു. ഫോണിന് മുൻവശത്ത് സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,140mAh ബാറ്ററിയാണ് പിക്സൽ 4a-യിൽ.






