
നോക്കിയയുടെ പുതിയ സ്മാർട്ട്ഫോണായ നോക്കിയ 2.4 നവംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 26ന് നടക്കുന്ന ഇവന്റിൽ വച്ച് നോക്കിയ 2.4, നോക്കിയ 3.4 എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചേക്കും. ടീസറിലൂടെയാണ് ഈ വിവരം കമ്പനി അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് നോക്കിയ മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി നോക്കിയ 2.4, നോക്കിയ 3.4 എന്നീ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടത്. 'ഓൺലി 10 ഡേയ്സ് ടു ഗോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നവംബർ 16ന് പുറത്ത് വിട്ട ട്വീറ്റിലെ പത്ത് ദിവസം കണക്കാക്കുമ്പോൾ നവംബർ 26ന് തന്നെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും.
നോക്കിയ 2.4 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, മീഡിയടെക് ഹീലിയോ പി 22 പ്രോസസർ എന്നിവയാണ്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 3 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള മറ്റൊരു വേരിയന്റും ലഭ്യമാണ്. 720 x 1600 പിക്സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.
ഡ്യുവൽ 4ജി വോൾട്ടി, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനാസ്, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് നോക്കിയ 2.4 ന്റെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. രണ്ട് പിൻക്യാമറ സെറ്റപ്പാണ് നോക്കിയ 2.4 സ്മാർട്ട്ഫോണിൽ ഉള്ളത്. 13 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ലെൻസുമാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയാണ് ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റുള്ള ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്.






