
പാറ്റ്ന: ബീഹാറിലെ ചരിത്രത്തില്‍ ഇതാദ്യമായി മുസ്ളീം വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലുമില്ലാതെ കൂട്ടുകക്ഷി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി. സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനം മുസ്ലീങ്ങളാണെന്നിരിക്കെ സംസ്ഥാനത്തെ കൂട്ടു മുന്നണി സര്‍ക്കാരുകളുടെ ചരിത്രത്തില്‍ ഇത്തരമൊരു അവസ്ഥ ഇതാദ്യമാണ്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയില്‍ മരുന്നിന് പോലും മുസ്ലീമിനെ ഉള്‍പ്പെടുത്തിയില്ല.
ഒരുപക്ഷേ ഇന്ത്യ സ്വതന്ത്രമായ ശേഷം ബീഹാറില്‍ അധികാരമേറ്റിട്ടുള്ള സര്‍ക്കാരുകളില്‍ മുസ്ലീം മന്ത്രിയോ എംഎല്‍എയോ ഇല്ലാത്ത അവസ്ഥയും ഇതാദ്യമാണ്. തെരഞ്ഞെടുപ്പിന് നിതീഷ്കുമാറിന്റെ ജെഡിയു 11 മുസ്ളീം സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഒരാള്‍ പോലും ജയിച്ചില്ല. ബീഹാറില്‍ ബിജെപി, ജനതാദള്‍ യുണൈറ്റഡ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്സാന് പാര്‍ട്ടി എന്നിവരാണ് എന്‍ഡിഎയില്‍ ഉള്ള മുന്നണികള്‍. എന്നാല്‍ ഒരു മുന്നണിയില്‍ നിന്നു പോലും ഒരു മുസ്ലീം എംഎല്‍എ ഉണ്ടായിരുന്നില്ല.
മന്ത്രിസഭയില്‍ വിവിധ സാമൂഹിക ഗ്രൂപ്പുകളില്‍ നിന്നുള്ളവരെ വെച്ച ക്യാബിനറ്റ് ബാലന്‍സിംഗ് ആക്കുന്ന പതിവ് മുമ്പ് ബീഹാറില്‍ പുലര്‍ത്തിയിരുന്നു. മുസ്ളീം വിഭാഗത്തില്‍ നിന്നും ഒരാളെ മന്ത്രി സ്ഥാനത്തേക്കോ ക്യാബിനറ്റിലേക്കോ പരിഗണിക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഇതുവരെ കൂട്ടാക്കിയിട്ടില്ല. അതേസമയം തന്നെ അടുത്ത മന്ത്രിസഭാ വികസനത്തില്‍ മുസ്ളീം വിഭാഗത്തിന് പരിഗണന നല്‍കുമോ എന്ന് കണ്ടറിയണം.
ആദ്യം ചുമതലയേറ്റവരില്‍ 15 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ നാലു പേര് വീതം ഉയര്‍ന്ന ജാതിയില്‍ നിന്നും താഴ്ന്ന ജാതികളില്‍ നിന്നും ഉണ്ട്. മൂന്നു പേര് വീതം പിന്നാക്കരും പട്ടികജാതിക്കാരുമുണ്ട്. ഭരണഘടന പ്രകാരം മുഖ്യമന്ത്രിക്ക് പരമാവധി 36 പേരെ വരെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്താം. അതായത് ഇനിയും 21 പേരെ കൂടി മന്ത്രിമാരുടെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താന്‍ ഇടമുണ്ട്.
കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തില്‍ എത്തിയത്. ബിജെപി 74 സീറ്റുകളിലും ജെഡിയു 43 സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷമായ മഹാഗദ്ബന്ധന് 110 സീറ്റുകളില്‍ വിജയിച്ചു കയറി. ആര്‍ജെഡി 75 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോള്‍ കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ.






