
അനേകം വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെങ്കിലും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനുള്ള പാക് താരങ്ങളുടെ ആവേശം അടങ്ങുന്നില്ല.
ബോളിവുഡില്‍ അരങ്ങേറിയിട്ടുള്ള പാക് സിനിമാ താരങ്ങളുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി എത്തുന്നു. പാക് നടി അലീസാ നാസറിനാണ് ഹിന്ദി സിനിമാവേദി ഇനി അവസരം നല്‍കുക. 'യാരാ വേ' എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയാണ് അലീസാ നാസര്‍. ആല്ത്തീ കൗശല്‍ ഒരുക്കുന്ന പ്രണയകഥ പറയുന്ന സിനിമയിലെ നായികയാണ് അലീസ.
ഒരു സ്വപ്നം സഫലമാകുന്നു എന്നാണ് ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയായ അലീസ അവസരത്തെ കുറിച്ച് കുറിച്ചത്. ബോളിവുഡിന്റെ ഭാഗമാകാന്‍ എന്നും ആഗ്രഹിച്ചിരുന്നു. ദുബായില്‍ ആയിരിക്കുന്നതിനാല്‍ അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
പാകിസ്താനില്‍ റിലീസ് ചെയ്യുന്ന സിനിമകളില്‍ നിന്നും തനിക്ക് മഹത്തായൊരു ഭാവിയിലേക്ക് പ്രതീക്ഷ ഉയരുന്നു. ഇന്ത്യാക്കാരുടെ ദയ എന്ന ഗുണത്തെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും കുറിച്ചു. ഇത് ആദ്യ വിജയമാണെന്നും ഷാരൂഖിന്റെ നായികയാകുന്നത് വരെ പോരാട്ടം തുടരുമെന്നും ഒരു ദിവസം തന്റെ സ്വപ്നം ദൈവം പൂവണിയിക്കുമെന്നും പറയുന്നു.
പാകിസ്താന്കാരിയാണെങ്കിലും ദുബായിലാണ് അലീസാ നാസര്‍ താമസിക്കുന്നത്. 2017 ല്‍ 'യാല്ഗാര്' എന്ന പാക് സിനിമയിലാണ് താരം അഭിനയിച്ചത്. അതിന് മുമ്പ് വാര് എന്ന സിനിമയിലും തകര്‍പ്പന്‍ പ്രകടനം കാട്ടിയിരുന്നു. ഈ മികവുമായിട്ടാണ് യാരേ വേ യില്‍ എത്തുന്നത്. സഞ്ജയ് ലീലാ ബന്‍സാലി, ഫറാ ഖാന് തുടങ്ങിയ മികച്ച സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ളയാളാണ് ആല്ത്തീ കൗശല്‍.






