ഓപ്പോ രണ്ട് പുതിയ ഹാർഡ്വെയർ ഉൽപ്പന്നങ്ങൾ പ്രഖ്യാപിച്ചു. ചൈനയിലെ ഷെൻഷെനിൽ നടന്ന ഇന്നോ 2020 ഇവന്റിൽ ആണ് പുതിയ പ്രഖ്യാപനം നടന്നത്. റോൾ ചെയ്യാവുന്ന ഡിസ്പ്ലേയുള്ള പുതിയ ഓപ്പോ എക്സ് 2021 ഫോൺ, ഓപ്പോ എആർ (ഓഗ്മെന്റഡ് റിയാലിറ്റി) ഗ്ലാസ്സസ് 2021 എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവ എന്നാണ് പുറത്തിറക്കുക എന്ന് വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും 2021 ൽ പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമായേക്കും.
റോൾ ചെയ്യാവുന്ന ഡിസ്പ്ലേ ആണ് ഓപ്പോ എക്സ് 2021ന്റെ പ്രത്യേകത. ഇത് 6.7 ഇഞ്ച് മുതൽ 7.4 ഇഞ്ച് വരെയുള്ള വീതികളിൽ സെറ്റ് ചെയ്യാൻ കഴിയും. സ്ക്രീനിന് മാത്രം 12 പേറ്റന്റുകളുള്ള ഈ ഫോണിന് ആകെ 122 പേറ്റന്റുകൾ ഉണ്ടെന്ന് ഓപ്പോ പറയുന്നു. ഈ ഡിസ്പ്ലേയെ “കണ്ടിന്യുവസ്ലി വേരിയബിൾ ഒലെഡ് ഡിസ്പ്ലേ” എന്ന് കമ്പനി വിളിക്കുന്നു. സ്ക്രീൻ ചുരുട്ടിക്കഴിയുമ്പോൾ അവിടെ മടക്ക് കാണില്ല എന്നതാണ് പ്രധാന വ്യത്യാസം. ഉപയോക്താവിന് അവരുടെ ആവശ്യത്തിനനുസരിച്ച് വീതി ക്രമീകരിക്കാൻ കഴിയും.
സ്ക്രീൻ നിവർത്തുമ്പോൾ ‘റോൾ മോട്ടോർ പവർട്രെയിൻ’ സ്ക്രീനിനെ ചലിപ്പിക്കുന്നു. ഒരു വാർപ്പ് ട്രാക്ക് ശേഷിയുള്ള സ്ക്രീൻ ലാമിനേറ്റും ഉപകരണം സ്ഥിരത നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ലഭിക്കും. എക്സ്ട്രാ സ്ട്രോങ്ങ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ലാമിനേറ്റ് 0.1 മില്ലിമീറ്റർ മാത്രം കട്ടിയുള്ളതാണെന്ന് ഓപ്പോ അവകാശപ്പെടുന്നു.






