
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എന്ത് കൊണ്ട് മഹാത്മാ ഗാന്ധിയ്ക്ക് നല്‍കിയില്ല...? കാലങ്ങളായുള്ള ഈ ചോദ്യത്തിന് വിശദീകരണം എത്തിയിരിക്കുന്നു. അതും നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്റെ ഭാഗത്തു നിന്നും.
അഞ്ച് തവണയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പേര് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്- 1937, 1938, 1939, 1947, കൂടാതെ 1948 ജനുവരിയില്‍ അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്.
എന്നാല്‍, കടുത്ത 'ദേശസ്നേഹി'യും 'സ്വദേശാഭിമാനി'യുമായ ഒരു വ്യക്തിയായിരുന്ന കാരണത്താലാണ് മഹാത്മാ ഗാന്ധിയെ സമാധാനത്തിനുള്ള ഉന്നതപുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് എന്നാണ് നൊബേല്‍ ഫൗണ്ടേഷന് നല്കുന്ന 'വിശദീകരണം'.
1930- ല്‍ യൂറോപ്പിലേയും അമേരിക്കയിലേയും ഇന്ത്യക്കാരുടെ താത്പര്യസംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ഫ്രണ്ടസ് ഓഫ് ഇന്ത്യ അസോസിയേഷനിലെ ഒരു നോര്‍വീജിയന്‍ പ്രവര്‍ത്തക എഴുതിയ ലേഖനത്തില്‍ നിന്ന് ഗാന്ധിജിയെ കുറിച്ചറിഞ്ഞ ഒലെ കോള്ജോര്സന് ആണ് ആദ്യമായി ഗാന്ധിജിയെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട 13 പേരിലൊരാളായിരുന്നു ഗാന്ധിജി. ചില നേരങ്ങളില്‍ ക്രിസ്തുവിന് തുല്യനാണെങ്കിലും ഒരു സാധാരണ ഇന്ത്യന്‍ ദേശീയവാദിയായിരുന്നു അദ്ദേഹമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ പ്രൊഫ. ജേക്കബ് വേം മുള്ളര്‍ അന്ന് ഗാന്ധിജിയുടെ നാമനിര്‍ദേശത്തെ എതിര്‍ത്തു.
ഇന്ത്യ-പാകിസ്താന് വിഭജന വിഷയത്തെ മുന്നിര്ത്തിയാണ്ഗാന്ധിജി ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. അഹിംസയും സമാധാനവര്ത്തിത്വവും തുടരുമ്പോഴും ഇരു മതസ്ഥര്‍ക്കിടയിലെ വിടവ് വര്‍ധിക്കാന്‍ രാജ്യത്തിന്റെ വിഭജനം ഒരു തരത്തില്‍ കാരണമായി എന്ന് ഗാന്ധിജി വിമര്ശിക്കപ്പെടുമ്പോള് അഹിംസയുടേയും സഹിഷ്ണുതയുടേയും വഴികള്‍ തന്നെയാണ് അദ്ദേഹം സമരസന്ദര്‍ഭങ്ങളില്‍ പിന്തുടര്ന്നിരുന്നത് എന്നത് അദ്ദേഹത്തെ വ്യത്യസ്തനും മഹാനുമാക്കുന്നു.






