
ഈ വർഷം ആദ്യമാണ് ടൊയോട്ട പുതിയ അർബൻ ക്രൂയിസർ പുറത്തിറക്കിയത്. സബ് ഫോർ മീറ്റർ കോംപാക്ട് എസ്യുവി വിഭാഗത്തിലെ ടൊയോട്ടയുടെ ആദ്യത്തെ വാഹനമാണിത്. ഇപ്പോളിതാ ഡീലർഷിപ്പുകളിൽ അർബൻ ക്രൂയിസറിനായി ആക്സസറികളുടെ ഒരു നീണ്ട പട്ടിക ടൊയോട്ട അവതരിപ്പിച്ചിരിക്കുകയാണ്. 52,749 രൂപ വിലമതിക്കുന്ന 20 ഔദ്യോഗിക ആക്സസറികൾ വാഹനത്തിനായി ടൊയോട്ട പുറത്തിറക്കുന്നത്.
അർബൻ ക്രൂയിസറിലും മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്കൊപ്പം ലഭ്യമായ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഈ എൻജിൻ പരമാവധി 105 bhp കരുത്തും 138 Nm ടോർക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ലഭ്യമാണ്. ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനവും അർബൻ ക്രൂയിസറിൽ ഒരുങ്ങുന്നു.
ടൊയോട്ട അർബൻ ക്രൂയിസറിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് പരമാവധി 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റുകളിൽ പരമാവധി 18.76 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് സൂചന. സമീപകാലത്ത് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന് ഒന്നാണ് കസ്റ്റമൈസേഷൻ ഓപ്ഷനുകൾ. ഇപ്പോൾ പല നിർമ്മാതാക്കളും ഓൺലൈൻ കോൺഫിഗറേറ്റർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.






