
സ്ത്രീകള്‍ക്ക് അത്രയധികം സ്വാതന്ത്ര്യമൊന്നും അനുവദിച്ചു കൊടുക്കാത്ത ഗാസയില്‍ നിന്നും ഒരു വിപ്ലവകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗാസ പ്രവിശ്യയിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറായി പാലസ്തീന് സ്വദേശിനിയും അഞ്ച് മക്കളുടെ അമ്മയുമായ നൈല അബു ജുബ എന്ന സ്ത്രീ എത്തിയിരിക്കുകയാണ്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വാഹനമോടിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കാന്‍ പുരുഷന്മാര്ക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്.
അതുകൊണ്ടു തന്നെ ഈ മേഖലയിലേക്കുള്ള നൈലയുടെ രംഗപ്രവേശം വിപ്ലകരമാണെന്ന് തന്നെ പറയാം. തന്റെ അച്ഛന്റെ കാറുമായാണ് നൈല ഈ രംഗത്തേക്ക് മുന്നിറങ്ങിയത്. നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്കാണ് നൈലയുടെ സേവനം ലഭിക്കുക. അതും സ്ത്രീകള്‍ക്ക്. സ്ത്രീകളെ ഹെയര്‍ഡ്രെസ്സിങ് സലൂണിലും വിവാഹപാര്‍ട്ടികളിലും മറ്റും എത്തിക്കാനുള്ള വിളികളാണ് നൈലക്ക് കൂടുതലും ലഭിക്കുന്നത്. ഒപ്പം ഷോപ്പിങ് പോലുള്ളവയ്ക്കും. സോഷ്യല്‍ വര്‍ക്കില്‍ നൈല ബിരുദം നേടിയിട്ടുണ്ട്. നൈലയ്ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് പല സ്ത്രീകളും എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ നൈലയുടെ അക്കൗണ്ടില്‍ തന്റെ ഈ ചുവട് വെയ്പ്പില്‍ ധാരാളം ഭീക്ഷണികളും ചീത്തവിളികളും വരുന്നുണ്ടെന്നാണ് നൈല പറയുന്നത്. '' ഒരിക്കല്‍ എന്റെ സുഹൃത്തായ ഹെയര്‍ഡ്രെസ്സറായി ജോലിചെയ്യുന്ന സ്ത്രീയോടാണ് ഞാന്‍ ഈ ആശയം പറഞ്ഞത്. സ്ത്രീകള്‍ക്കു വേണ്ടി ഒരു ടാക്സി സര്‍വീസ് തുടങ്ങിയാലോ എന്ന്, എനിക്ക് ഭ്രാന്താണെന്നാണ് അവള് പറഞ്ഞത്. എങ്കിലും അഭിനന്ദിക്കുന്നവരും കുറവല്ല. പലരും പറയുന്നത് ഇത് ആണുങ്ങളുടെ ജോലിയാണെന്നാണ്, ചിലര്‍ പറയുന്നത് സ്ത്രീകള്‍ വണ്ടിയോടിച്ചാല്‍ അപകടങ്ങള്‍ കൂടുമെന്നാണ്. എന്നാല്‍ പുരുഷന്മാരെക്കാള് സ്ത്രീകളാണ് സൂക്ഷിച്ചു വണ്ടിയോടിക്കുന്നത് '' - നൈല പറയുന്നു. നൈലയുടെ പ്രദേശം തീവ്രവാദഗ്രൂപ്പായ ഹമാസിന്റെ കൈയിലാണ്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ ഇവിടെ 50 ശതമാനം ആളുകളും തൊഴിലില്ലായ്മയും നേരിടുന്നുണ്ട്.






