
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ പുത്തൻ ബൈക്ക് ട്രൈഡന്റ് 660-യുടെ ബുക്കിങ് ഇന്ത്യയിലും ആരംഭിച്ചു. ഡിസംബറിൽ തന്നെ ട്രയംഫ് ട്രൈഡന്റ് 660-യുടെ ലോഞ്ച് ഉണ്ടായേക്കും. റിപ്പോർട്ട് അനുസരിച്ച് 50,000 രൂപ മുടക്കി ട്രയംഫ് ട്രൈഡന്റ് 660 ബുക്ക് ചെയ്യാം.
അവതരണത്തിന്റെ ഭാഗമായി അല്പകാലത്തേക്ക് 9,999 രൂപ മാത്രം പ്രതിമാസ അടവ് വരുന്ന ഇഎംഐ സ്കീമും ട്രയംഫ് ഒരുക്കിയിട്ടുണ്ട്. ട്രയംഫ് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്നതിൽ ഏറ്റവും വിലക്കുറവുള്ള ബൈക്ക് ആണ് 7.45 ലക്ഷം എക്സ്-ഷോറൂം വിലയുള്ള സ്ട്രീറ്റ് ട്വിൻ. ട്രൈഡന്റ് 660-യുടെ വില ഇതിലും കുറവായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്യൂബുലാർ സ്റ്റീൽ ഫ്രയ്മിൽ നിർമിച്ചിരിക്കുന്ന ട്രൈഡന്റ് 660-യ്ക്ക് 189 കിലോഗ്രാം മാത്രമാണ് ഭാരം.ട്രയംഫ് ട്രൈഡന്റ് ഇന്ത്യയിൽ കാവസാക്കി Z650, യമഹ MT-07, ഹോണ്ട CB650 എന്നീ മോഡലുകളോടാണ് മത്സരിക്കുക. ട്രയംഫ് ട്രൈഡന്റ് 660-യിൽ ഇൻലൈൻ 3 സിലിണ്ടർ 660 സിസി എൻജിനാണ് ഒരുങ്ങുക. ഈ എൻജിൻ 81 എച്ച്പി പവറും 64 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ക്വിക്ക് ഷിഫ്റ്റർ ഓപ്ഷണലായി ചേർക്കാവുന്ന 6-സ്പീഡ് ഗിയർബോക്സ് ആണ് ലഭിക്കുക. റോഡ്, റൈൻ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ, ക്രമീകരിക്കാവുന്ന ട്രാക്ഷൻ കൺട്രോൾ, റൈഡ്-ബൈ-വയർ, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കും.






