
പഴയകാല തിയേറ്റര്‍ പുതുക്കി പണിയുന്നതിനിടയില്‍ സ്വര്‍ണനാണയങ്ങള്‍ നിറഞ്ഞ മണ്‍പാത്രം കിട്ടിയിരിക്കുകയാണ് വടക്കന്‍ ഇറ്റലിയിലെ പുരാവസ്തു ഗവേഷകര്‍ക്ക്. സ്വിറ്റ്സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കോമോയില്‍ നിന്നു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച ആംഫോറ എന്ന മണ്‍പാത്രത്തില്‍ നൂറുകണക്കിനു സ്വര്‍ണനാണയങ്ങളായിരുന്നു. റോമന്‍ ഇംപീരീയല്‍ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്. അതായത് അഞ്ചാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവ.
നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ഇറ്റാലിയന്‍ സാംസ്കാരിക വകുപ്പ് പറയുന്നത്. ക്രെസോനി എന്ന പഴയ കാല തിയേറ്റര്‍ പുതുക്കി പണിയാന്‍ മണ്ണെടുക്കുമ്പോഴാണ് സ്വര്‍ണനാണയങ്ങള്‍ ലഭിച്ചത്. ക്രെസോനി എന്നു പേരുള്ള ഈ പഴയ കാല തിയേറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയേറ്റര്‍ സിനിമയിലേക്ക് വഴിമാറി. പക്ഷേ 1997-ല്‍ തിയേറ്റര്‍ അടച്ചു.
അടുത്തിടെ തിയേറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളിലായിരുന്നു സര്‍ക്കാര്‍. അതോടൊപ്പം തന്നെ തിയേറ്ററും പരിസരവും പരിശോധിക്കുന്നതിനായി പുരാവസ്തു ഗവേഷകരെയും ചുമതലപ്പെടുത്തി. പുരാവസ്തു ഗവേഷകര്‍ സ്ഥലം കുഴിക്കുന്നതിനിടയിലാണ് മണ്‍പാത്രം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടിയത്. ഈ നാണയങ്ങള്ക്കൊന്നും യാതൊരു കേടുപാടുകളും ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയില്‍ നിന്ന് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. പാറ വീണു മരിച്ച നിലയിലായിരുന്നു അത്. ഇന്നത്തെ നേപ്പിള്‍സിനു സമീപമുള്ള പുരാതന നഗരം പോംപെയ്യുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു കണ്ടെത്തല്‍. പോംപെയ്യില്‍ നിന്ന് അടുത്തിടെ ഒരു പഴയകാല പടക്കുതിരയുടെ അസ്ഥികൂടവും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഒരു കെട്ടിടവും മണ്ണിനടിയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.






