
ചെറിയ ചെറിയ പൊള്ളലുകള്‍ നിത്യ ജീവിതത്തില്‍ സാധാരണ ഉണ്ടാകാറുള്ളത് അടുക്കള കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ക്കാണ്. ധൃതിയില്‍ ആഹാരം പാകം ചെയ്യുമ്പോഴാണ് മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളത്. ഈ സമയത്ത് പെട്ടെന്നുള്ള പരിഹാരമായിരിക്കും ചെയ്യാറുള്ളത്. ചിലപ്പോള്‍ ഐസ് ക്യൂബ് വെയ്ക്കും, ചിലപ്പോള്‍ പേസ്റ്റും നമ്മളൊക്കെ പുരട്ടാറുണ്ട്.
എന്നാല്‍ ഈ പരിഹാരങ്ങളൊക്കെ പൊള്ളലിനെ ഗുരുതരമാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിനൊക്കെ പകരം ചെറിയ പൊള്ളല്‍ അനുഭവപ്പെടുമ്പോള്‍, പൊള്ളലേറ്റ സ്ഥലത്ത് 20 മിനിറ്റ് നേരത്തേക്ക് തണുത്ത വെള്ളം ഒഴിക്കുന്നതാണ് നല്ലത്. ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റുള്ള പ്രഥമശുശ്രൂഷയായി പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിലെ ചേരുവകള്‍ പൊള്ളലിനെ പ്രകോപിപ്പിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യും. ചെറിയ പൊള്ളലേറ്റാല്‍ കറ്റാര്‍ വാഴ ജെല്ലും തേനും പുരട്ടുന്നതും നല്ലതാണ്. കൂള്‍ കംപ്രസ് പ്രയോഗിക്കുന്നത് വേദനയും വീക്കവും ഒഴിവാക്കാന്‍ സഹായിക്കും.
പൊള്ളലേറ്റ ഭാഗത്ത് വെണ്ണ പുരട്ടുന്നത് നല്ലതല്ല. വെണ്ണ ചൂട് നിലനിര്‍ത്തുന്നതിനാല്‍, ഇത് പൊള്ളലിനെ കൂടുതല്‍ വഷളാക്കും. പൊള്ളലേറ്റ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ ബാക്ടീരിയകള്‍ വെണ്ണയില്‍ അടങ്ങിയിരിക്കാം. അതുകൊണ്ട് പൊള്ളലേറ്റാല്‍ ഒരിക്കലും വെണ്ണ ഉപയോഗിക്കാന്‍ പാടില്ല. ഒലിവ് ഓയില്‍, പാചക എണ്ണകള്‍, എന്നിവയെല്ലാം വിപരീത ഫലമായിരിക്കും നല്‍കുന്നത്.






