
ഷാര്‍ജ: മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്.
കുടുംബത്തെയും കൂട്ടി ഇസ്മായില്‍ കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. ഈ സമയം കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്ച്ചുഴിയില്പെടുകയും പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മായിലും അപകടത്തില്‍ പെടുകയായിരുന്നു.
ഉടന്‍ പോലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന് രക്ഷിക്കാനായില്ല.
കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
14 വര്‍ഷമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്.ടി.എ.) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍.






