
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ പെണ്‍കുട്ടി ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മകളാണെന്നും ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ചിത്രം യഥാര്‍ത്ഥമാണെങ്കിലും വാര്‍ത്ത തെറ്റാണ്.
അമേരിക്കന്‍ പോലീസുകാരന് കാല്മുട്ടുകൊണ്ടു ഞെരിച്ചുകൊന്ന ജോര്‍ജ്ജ് ഫോളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനോടുള്ള മാപ്പപേക്ഷയാണ് ജോ ബൈഡന് നടത്തുന്നത് എന്ന തരത്തിലായിരുന്നു പ്രചരണം. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളില്‍ പോലും ഇതേ ആശയം ജനിപ്പിക്കുന്ന അടിക്കുറിപ്പുമായി ചിത്രം പ്രചരിച്ചിരുന്നുണ്ട്. എന്നാല്‍ ഇത് പെണ്‍കുട്ടിയല്ല, ആണ്‍കുട്ടിയാണ്. കുട്ടിയുടെ പേര് സിജെ ബ്രൗണ്‍.
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണം ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ പോലും ട്രംപ് വിരുദ്ധവികാരം ജനങ്ങളില്‍ ഉടലെടുക്കാന്‍ ഈ സംഭവം കാരണമായി.
ചിത്രത്തില്‍ കാണുന്നതുപോലെ ബൈഡന് ഒരു കുട്ടിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നത് വ്യാജമല്ല. ചിത്രത്തില്‍ കാണുന്നത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ഒരു തുണിക്കട ഉടമയുടെ മകനാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജോ ബൈഡന് മിഷിഗണിലെ ഡിട്രോയിറ്റിലുള്ള ഒരു തുണിക്കടക്കു മുന്നില്‍ ഇറങ്ങി കടയുടമയുടെ മകനുമായി സംസാരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രം ബൈഡന് തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റു ചെയ്തിച്ചുമുണ്ട്. വംശവെറി ഇല്ലാതാക്കണമെന്ന ആഹ്വാനത്തോടെയാണ് ബൈഡന് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇത് കടയുടമയും കുട്ടിയുടെ പിതാവുമായ ക്ലമന്റ് ബ്രൗണ്‍ ജൂനിയര്‍ തന്നെ സ്ഥിരീകരിച്ചിട്ടുമുള്ളതായി മറ്റു മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.






