ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് നോക്കിയ 2.4 അവതരിപ്പിച്ച് എച്എഡി ഗ്ലോബൽ. 10,399 രൂപയാണ് ഫോണിന്റെ വില. 3 ജിബി റാമും 64 ജിബി ഇന്റെർണൽ സ്റ്റോറേജുമായെത്തുന്ന നോക്കിയ 2.4 ഫിജോഡ്, ഡസ്ക്, ചാർക്കോൾ എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമാണ്.
നോക്കിയ വെബ്സൈറ്റിലൂടെ (Nokia.com/phones) നവംബർ 26 മുതൽ ഡിസംബർ 4 വരെ നോക്കിയ 2.4 ന്റെ വില്പന നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നോക്കിയ വെബ്സൈറ്റ് വഴി 2.4 ബുക്ക് ചെയ്യുന്ന ആദ്യ 100 പേർക്ക് ജെയിംസ് ബോണ്ട് സിനിമകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി 007 സ്പെഷ്യൽ എഡിഷൻ ബോട്ടിൽ, ക്യാപ്, മെറ്റൽ കീചെയ്ൻ എന്നിവ ലഭിച്ചേക്കും. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത റീറ്റെയ്ൽ സ്റ്റോറുകളിലും ഡിസംബർ 4 മുതൽ നോക്കിയ 2.4 വാങ്ങാവുന്നതാണ്.
റിപ്പോർട്ട് പ്രകാരം ജിയോ ഉപഭോക്താക്കൾക്ക് 3,550 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു. 349 പ്രീപെയ്ഡ് റീചാർജിൽ 2,000 രൂപ വരെ ക്യാഷ്ബാക്ക്, 1,550 വൗച്ചറുകൾ എന്നീ ഓഫറുകളാണ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നു. നിലവിലെ ജിയോ ഉപഭോക്താക്കൾക്കും പുതുതായി ജിയോ സിം വാങ്ങുന്നവർക്ക് ഈ ഓഫർ ലഭിക്കും.
നോക്കിയ 2.4-യ്ക്ക് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 20:9 ആണ് ഡിസ്പ്ലേയുടെ ആസ്പെക്ട് റേഷ്യോ. നോക്കിയ 2.4 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 3 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക്കിന്റെ ഹീലിയോ പി 22 ചിപ്സെറ്റിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512ജിബി വരെയായി വർദ്ധിപ്പിക്കാം. 4,500mAh ബാറ്റെറിയാണ് നോക്കിയ 2.4-ൽ ഉള്ളത്. രണ്ട് ദിവസം വരെ ചാർജ് ഈ ബാറ്ററി നൽകും എന്നാണ് റിപ്പോർട്ട്.






