
ഇസഡ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക് അവതരിപ്പിച്ച് ഷവോമി. 5,000 എംഎഎച്ച് പവർ ബാങ്കാണ് ഇത്. റിപ്പോർട്ട് അനുസരിച്ച് 5W ആപ്പിൾ ചാർജറിനേക്കാൾ വേഗത്തിൽ ഒരു ഐഫോൺ 12 ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു.
ഈ പവർ ബാങ്കിന് സ്ഥിരവും കൃത്യവുമായ രീതിയിൽ താപനില നിയന്ത്രിക്കാൻ സാധിക്കും. ഹാൻഡ് വാമറിൽ പേറ്റന്റ് രൂപകൽപ്പനയുള്ള പിടിസി തരത്തിലുള്ള ടെംപറേച്ചർ ഹീറ്റിംഗ് ടെക്നോളോജിയാണ് നൽകിയിരിക്കുന്നത്. സിഎൻവൈ 89 (ഏകദേശം 1,000 രൂപ) വില വരുന്ന എസ്എംഐ ഹാൻഡ് വാമർ പവർ ബാങ്ക് ഇപ്പോൾ ചൈനയിൽ ആണ് വിൽപ്പനയ്ക്കായി എത്തിയിരിക്കുന്നത്.
ഈ പവർ ബാങ്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഇതുവരെ ഒരു വ്യക്തതയുമില്ല. ഇതിന് നൽകുവാൻ കഴിയുന്ന പരമാവധി താപനില 52 ഡിഗ്രിയാണ്. ഈ താപനില 2-4 മണിക്കൂർ വരെ പവർ ബാങ്കിൽ നിലനിൽക്കുന്നു. ഇത് ബാഹ്യ സാഹചര്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു.
ഒന്നിലധികം ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, സ്മാർട്ട് ബാൻഡുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവപോലുള്ള ഡിവൈസുകൾ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുമെന്നാണ് സൂചന. ടോർച്ച്ലൈറ്റ് ഉപയോഗിക്കാൻ കഴിയുന്ന എൽഇഡി ലൈറ്റും ഇതിൽ ലഭ്യമാണ്.






