
കോവിഡ് വ്യാപനത്തോടെ സ്കൂളുകള്‍ എല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസായാണ് കുട്ടികളുടെ പഠനം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ സ്കൂളിലെ ടീച്ചറിന് അയച്ചു കൊടുക്കാനുള്ള സ്കൂള്‍ പ്രൊജക്ട് തയ്യാറാക്കുന്ന കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്. 'ഇന്ന് നമ്മള് കുറച്ച് ക്രാഫ്റ്റ്സ് ആണ് ചെയ്യാന്‍ പോകുന്നത്.' - എന്ന് പറഞ്ഞു കൊണ്ടാണ് കുട്ടി വീഡിയോ ഷൂട്ട് ചെയ്യുന്നത്. ക്യാമറ സെറ്റ് ചെയ്ത് വീഡിയോ ആരംഭിക്കുമ്പോള്‍ എന്താണെന്ന് വ്യക്തമാക്കുന്നതിനൊപ്പം അലക്സയോട് ഒരു നല്ല മ്യൂസിക് നല്‍കാനും കുട്ടി ആവശ്യപ്പെടുന്നു.
എന്നാല്‍ കുട്ടി സ്കൂളിലേക്ക് അയക്കാനുള്ള വിഡിയോയാണ് തയ്യാറാക്കുന്നത് പിതാവ് അറിഞ്ഞിരുന്നില്ല. മകള്‍ സ്വന്തം വിനോദത്തിന്റെ ഭാഗമായി വിഡിയോ നിര്‍മിക്കുകയാണെന്ന് കരുതിയ പിതാവ്, വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് നൃത്തം ചെയ്യുകയായിരുന്നു. കൈകൊട്ടിയും, കുട്ടിയുടെ സഹോദരനെ എടുത്ത് ഉയര്‍ത്തിയുമെല്ലാം പിതാവിന്റെ ഡാന്‍സ് പിന്നില്‍ തകര്‍ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പിതാവിനൊപ്പം രണ്ടു ആണ്മക്കളും കൂടി ഡാന്‍സ് ചെയ്യാനെത്തി. എന്നാല്‍, എല്ലാം ഒരു ചിരിയോടെ നേരിട്ട് പ്രൊജക്ട് മനോഹരമായി ചെയ്യുന്നതില്‍ ശ്രദ്ധിക്കുകയാണ് കുട്ടി ചെയ്യുന്നത്.
ചുറ്റും ഇത്രയേറെ ബഹളം നടക്കുമ്പോള്‍ കുട്ടി പറഞ്ഞത് ഇങ്ങനെയാണ്. '' ഈ കുടുംബത്തിന് എന്താണ് പ്രശ്നം? ഞാന്‍ ശാന്തമായും സമാധാനമായും ഇരുന്ന് കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്'' - കുട്ടി പറയുന്നു. തന്റെ പ്രൊജക്ട് പൂര്‍ത്തിയായതോടെ കുട്ടി അത് സ്കൂള്‍ ടീച്ചര്‍ക്ക് പ്രൊജക്ട് ആയി അയച്ചു കൊടുക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ 12 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. ഇത്ര ബഹളം പിന്നില്‍ നടക്കുന്നതിനിടയിലും ഇത്ര ശ്രദ്ധയോടെ പ്രൊജക്ട് ചെയ്ത പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.






