
സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വി മോഡലായ XC40-യുടെ ഇലക്ട്രിക് പതിപ്പായ XC 40 റീച്ചാര്‍ജ് ഇന്ത്യയിലെത്തുന്നു. വാഹനത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് എസ്.യു.വി 2021-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന.
XC40 ഇലക്ട്രിക്കിൽ 78 കിലോവാട്ട് ബാറ്ററി പാക്കും ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളുമാണുള്ളത്. 4.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററായിരിക്കും. ഇത് 408 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.
ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, റെഗുലര്‍ മോഡലിലെ പെട്രോള്‍ ലിഡിന് സ്ഥാനത്ത് നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സോക്കറ്റ് എന്നിവ ലഭിക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ടച്ച് സ്ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഈ വാഹനത്തില്‍ 11 കിലോവാട്ട് റെഗുലര്‍ ചാര്‍ജറും 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും നല്‍കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശാതമാനത്തില് നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് സൂചന.






