
വിവിധ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൈക്രോസോഫ്റ്റ് ഇ മെയിൽ അക്കൗണ്ടുകളും അവയുടെ പാസ്വേഡുകളും മറ്റും ഹാക്കർ ഡാര്‍ക്ക് വെബില്‍ വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. സി.ഇ.ഒമാര്‍, സി.എഫ്ഒമാര്‍, സി.എ.ഒമാര്‍ ഉൾപ്പടെയുള്ളവരുടെ അക്കൗണ്ടുകളാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 100 ഡോളർ- 1,500 ഡോളർ (7400 മുതൽ 1.1 ലക്ഷം രൂപ) വിലയ്ക്കാണ് അക്കൗണ്ടുകൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.
കമ്പനിയുടെ വലിപ്പം ഉദ്യോഗസ്ഥന്റെ സ്വാധീനം എന്നിവ പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. ഐ.എ.എൻ.എസ്. റിപ്പോർട്ട് പ്രകാരം സി ലെവൽ ഉദ്യോഗസ്ഥരുടെ ഓഫീസ് 365, മൈക്രോസോഫ്റ്റ് അക്കൗണ്ടുകൾക്കുള്ള ഇമെയിലും പാസ്വേഡുമാണ് ഹാക്കർ വിൽക്കുന്നത്. ഈ വിവരങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നത് എക്സ്പ്ലോയിറ്റ്.ഇൻ എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഭാഷ സംസാരിക്കുന്ന ഹാക്കർമാരുടെ രഹസ്യ ഫോറത്തിലാണ്.
സുരക്ഷാ ഗവേഷകർക്ക് ഇവരിൽ നിന്നും ലഭിച്ച രണ്ട് ഇമെയിലുകളും അവയുടെ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിച്ചതായി റിപ്പോർട്ടുണ്ട്. ത്രെട്ട് ഇന്റലിജൻസ് സ്ഥാപനമായ കെല (KELA) നൽകുന്ന വിവരങ്ങൾ അനുസരിച്ച് വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കുന്നത് കംപ്യൂട്ടറുകളിലെ ട്രൊജൻ മാൽവെയർ ആക്രമണങ്ങളിലൂടെയാവാമെന്നാണ് കരുതുന്നത്. ഇത്തരം ബിസിനസ് ഇമെയിൽ കോംപ്രമൈസ് (ബിഇസി) തട്ടിപ്പുകൾ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി വർധിച്ചുവരുന്നുണ്ട്.






