
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ (Weibo) 'റുറിറെന്' (RuryRen) എന്ന ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത് പ്രകാരം, ഹുവാവേ മേറ്റ് 90 (Huawei Mate 90) സീരീസ് സെപ്റ്റംബറോടെ വാങ്ങാന്‍ ലഭ്യമാകും. മേറ്റ് എക്സ്ടി 2 (Mate XT 2), മേറ്റ് 90 സീരീസ്, മേറ്റ് എക്സ്8 (Mate X8) ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ വ്യത്യസ്ത സമയങ്ങളിലായിരിക്കും കമ്പനി പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മേറ്റ് സീരീസ് ഫോണുകളും ഫോള്‍ഡബിള്‍ ഫോണുകളും ഒരൊറ്റ ലോഞ്ച് ഇവന്റിലൂടെയായിരുന്നു ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നത്.
ഹുവാവേ മേറ്റ് എക്സ്ടി 2 ഈ വര്‍ഷം ഒക്ടോബറില്‍ ലോഞ്ച് ചെയ്യുമെന്നായിരുന്നു മുന്‍പുള്ള സൂചനകള്‍. എന്നാല്‍ മേറ്റ് സീരീസ് സെപ്റ്റംബറില്‍ തന്നെ പുറത്തിറക്കാന്‍ തീരുമാനിച്ചാല്‍, അത് ഹുവാവേയുടെ മുന്‍കാല റിലീസ് ശൈലിയില്‍ നിന്നുള്ള വലിയൊരു മാറ്റമായിരിക്കും. കാരണം, മുന്‍ വര്‍ഷങ്ങളില്‍ മേറ്റ് 70, മേറ്റ് 80 സീരീസുകള്‍ നവംബറിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 (Snapdragon 8 Elite Gen 6) ചിപ്സെറ്റുള്ള ഷവോമി 18 സീരീസ് (Xiaomi 18 series), ഐകൂ 16 (iQOO 16) തുടങ്ങിയ മുന്‍നിര ഫോണുകളോട് മത്സരിക്കാന്‍ ഈ നേരത്തെയുള്ള ലോഞ്ച് ഹുവാവേയെ സഹായിച്ചേക്കും. ആപ്പിളിന്റെ ഐഫോണ്‍ 18 പ്രോ (iPhone 18 Pro), ഐഫോണ്‍ 18 പ്രോ മാക്സ് (iPhone 18 Pro Max) എന്നിവയും ഇതേ മാസം തന്നെയാണ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
മറ്റൊരു വെയ്ബോ പോസ്റ്റില്‍, പ്യൂര 90എസ് പ്രോ (Pura 90S Pro), പ്യൂര 90എസ് പ്രോ+ (Pura 90S Pro+) മോഡലുകള്‍ അവതരിപ്പിക്കാനുള്ള പ്ലാനുകള്‍ ഹുവാവേ റദ്ദാക്കിയതായും ടിപ്സ്റ്റര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹുവാവേ മേറ്റ് 80, മേറ്റ് 80 പ്രോ, മേറ്റ് 80 പ്രോ മാക്സ്, മേറ്റ് 80 ആര്‍എസ് മാസ്റ്റര്‍ എഡിഷന് എന്നിവ ചൈനയില്‍ ഏകദേശം 4,699 യുവാന്‍ (ഏകദേശം 59,000 ഇന്ത്യന്‍ രൂപ) പ്രാരംഭ വിലയില്‍ പുറത്തിറക്കിയത്. കിരിന്‍ (Kirin) ചിപ്സെറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകളില്‍ 20GB വരെ റാമും 1TB വരെ ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.
ഹുവാവേ മേറ്റ് 80 പ്രോ മാക്സ്, മേറ്റ് 80 ആര്‍എസ് മാസ്റ്റര്‍ എഡിഷന് എന്നിവയില്‍ 6,000mAh ബാറ്ററിയാണുള്ളത്. മേറ്റ് 80 പ്രോ, മേറ്റ് 80 മോഡലുകളില്‍ 5,500mAh ബാറ്ററിയുമുണ്ട്. ഈ മോഡലുകളെല്ലാം ഹാര്‍മണിഒഎസ് 6.0 (HarmonyOS 6.0) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇവ 100W ഫാസ്റ്റ് ചാര്‍ജിംഗും 80W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കുന്നു.






