
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സ്ഥിരത ഇല്ലാത്തായാളാണെന്നും പാര്‍ട്ടി സംഘടനയ്ക്കുള്ളില്‍ അദ്ദേഹത്തിന് സ്വീകാര്യത ഇല്ലാത്തത് അതുകൊണ്ടാണെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. ഒരു രാജ്യത്തിന്റെ നേതാവായി സ്വീകരിക്കപ്പെടാന്‍ രാഹുല്‍ഗാന്ധി കൂടുതല്‍ സ്ഥിരത കാട്ടേണ്ടതുണ്ടെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും സഖ്യ കക്ഷിയാണ് എന്‍സിപി.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് എന്‍സിപി നേതാവ് കോണ്‍ഗ്രസ് നേതാവിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തയിരിക്കുന്നത്. എന്നാല്‍ നെഹ്രു - ഗാന്ധി കുടുംബത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും വിശ്വാസമുണ്ടെന്നും പറഞ്ഞു. ലോക് മത് എന്ന മറാത്തി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ രാജ്യത്തെ നയിക്കാന്‍ എത്രമാത്രം സജ്ജമാണ് എന്ന ചോദ്യത്തിനായിരുന്നു മറുപടി. അക്കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും രാഹുലിന് വേണ്ടത്ര സ്ഥിരത ഇല്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
അതേസമയം ഈ അഭിപ്രായത്തിലൂടെ പവാര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ഇതിന് കോണ്‍ഗ്രസിന്റെ മറുപടി. എന്നിരുന്നാലും നിലവില്‍ ആര്‍എസ്എസിനും മോഡി സര്‍ക്കാരിനും എതിരേ ഏതൊരു പാര്‍ട്ടിയുടെ നേതാക്കളേക്കാളും സ്ഥിരത കാട്ടുന്നയാളാണ് തങ്ങളുടെ നേതാവായ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ നിലവിലെ ശോചനീയാവസ്ഥയും പ്രതിപക്ഷത്തിന്റെ ശബ്ദത്തെ നാണമില്ലാതെ അടിച്ചമര്‍ത്തുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും തകര്‍ക്കപ്പെട്ട് ഭരണഘടനാ വിരുദ്ധത ഉപയോഗിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കപ്പെടേണ്ടി വരുമ്പോള്‍ അതിനെല്ലാം എതിരേ ധൈര്യത്തോടെയും സന്ധിയില്ലാതെയും പോരാടുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് രാഹുല്‍ എന്നും കോണ്‍ഗ്രസ് പറയുന്നു.
അമേരിക്കയുടെ മുന്‍ പ്രധാനമന്ത്രി ബാരാക് ഒബാമ രാഹുലിനെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത് വന്‍ വാര്‍ത്തയായിരിക്കെയാണ് രാഹുല്‍ കഴിവില്ലാത്ത ആളാണെന്ന തരത്തില്‍ ശരദ് പവാറിന്റെയും പ്രതികരണം വരുന്നത്. ഒബാമയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ആണെന്നും അതിന് തന്റെ അംഗീകാരത്തിന് പ്രസക്തി ഇല്ലെന്നും വിദേശത്തെ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
മകള്‍ സുപ്രിയാ സുലേ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മകള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നായിരുന്നു പവാറിന്റെ മറുപടി. അവര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നുണ്ടെങ്കില്‍ അത് ദേശീയ രാഷ്ട്രീയത്തിലേക്കായിരിക്കും. ദേശീയ തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയയാളാണ് സുലേ എന്നും മഹാരാഷ്ട്രയില്‍ എന്‍സിപിയ്ക്ക് നേതൃദാരിദ്ര്യം ഇല്ലെന്നും അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ധനജ്ഞയ് മുണ്ടേ എന്നിവര്‍ സംസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തരാണെന്നും മറുപടി നല്കി.






